KSDLIVENEWS

Real news for everyone

ബൈക്കഭ്യാസത്തിനിടെ പെണ്‍കുട്ടി റോഡില്‍ വീണ സംഭവം; 3 പേര്‍ക്കെതിരെ കേസെടുത്തു

SHARE THIS ON

തൃശൂര്‍ > സഹപാഠി ബൈക്കില്‍ അഭ്യാസത്തിനിടെ പിന്നിലിരുന്ന പെണ്‍കുട്ടി റോഡില്‍ തലയടിച്ച്‌ വീണ സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.അപകടത്തെത്തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷംകൂടി കണക്കിലെടുത്താണ് ബൈക്ക് ഓടിച്ച ചേതന ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി അമല്‍, പ്രദേശത്ത് കട നടത്തുന്ന ആന്റോ, കൊടകര സ്വദേശി ഡേവിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സഹവിദ്യാര്‍ഥിനിയുമായി ബൈക്കില്‍ പോകവേ ചേതനയ്ക്കു സമീപത്തുവച്ച്‌ ബൈക്ക് വീല്‍ചെയ്തതിനെ (മുന്‍ചക്രം ഉയര്‍ത്തല്‍) തുടര്‍ന്ന് പെണ്‍കുട്ടി റോഡില്‍ തലയടിച്ചു വീണു. സംഭവം കണ്ടുനിന്നവര്‍ പെണ്‍കുട്ടിയെ റോഡരികിലേക്ക് മാറ്റി. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. അമിതവേഗത്തില്‍ അഭ്യാസം നടത്തി അപകടംവരുത്തിയത് ചോദ്യംചെയ്ത ആന്റോയെയും മറ്റുള്ളരെയും അമല്‍ ആദ്യം മര്‍ദിക്കുകയായിരുന്നുവെന്ന് സമീപത്തെ സിസിടിവിയില്‍നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ആന്റോയെ മര്‍ദിക്കുന്നതുകണ്ട് പ്രകോപിതരായവര്‍ ചേര്‍ന്ന് അമലിനെ തിരിച്ചും മര്‍ദിച്ചു. ഇതിനിടെ, അമലിനെ മര്‍ദിക്കുന്ന ദൃശ്യം മാത്രം പുറത്തുവിട്ട്, മര്‍ദനം സദാചാര ഗുണ്ടായിസമെന്നതരത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യാഥാര്‍ഥ്യം പുറത്തായത്. പരിക്കേറ്റ അമല്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്തശേഷം ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രഥമിക അന്വേഷണം നടത്തിയ പൊലീസ് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!