കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎ യുടെ പിടിയിൽ

കൊച്ചി : കേന്ദ്ര അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ പിടികൂടിയത്.
രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്.
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ രണ്ടിടത്ത് റെയ്ഡ് നടത്തിയത് .
കസ്റ്റഡിയിൽ ഉള്ളവർ മുടിക്കലിൽ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചുവന്നത് എന്നാണ് വിവരം. ഇതിൽ ഒരാൾ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി പെരുമ്പാവൂരിൽ താമസിച്ചുവന്നവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നതെന്നാണ് എൻഐഎ നൽകുന്ന വിവരം. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം.

