കൊല്ലത്ത് ബൈക്കുകളില്‍ അഭ്യാസപ്രകടനം; സെല്‍ഫിയെടുക്കവേ നിയന്ത്രണം വിട്ട് അപകടം

കൊല്ലം: കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റേസിങിനിടെ അപകടം. വിദ്യാർഥിക്ക് ഗുരതരപരിക്ക്. അമിതവേഗത്തിലോടിയ ബൈക്കിൽ നിന്ന് സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ബൈക്ക് യാത്രികനായ അശ്വന്ത് കൃഷ്ണൻ എന്ന എംബിഎ വിദ്യാർഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എംസി റോഡിൽ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. നാലു ന്യൂജെൻ ബൈക്കുകളില്ലായിട്ടാണ് യുവാക്കൾ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവർ മത്സരയോട്ടം നടത്തിയിരുന്നത്. നാല് ബൈക്കുകളും ഒറ്റ ഫ്രൈമിൽ കിട്ടുന്നതിനായി ഏറ്റവും മുമ്പിലായി പോയ ബൈക്കിലെ ആൾ, അമിതവേഗതയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബൈക്ക് എതിർദിശയിൽ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയെ ചെന്നിടിക്കുകയായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിച്ച ആളുടെ പരിക്ക് ഗുരതരമല്ല. എന്നാൽ വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു.

മത്സരയോട്ടം നടത്തിയ നാലു ബൈക്കുകൾക്കും നമ്പർപ്ലേറ്റുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ആയുർ ഭാഗത്ത് വെച്ച് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയവരാണ് അപകടംവരുത്തിയത്.

ഒരാൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് മറ്റുള്ളവർ രക്ഷപ്പെട്ടതായാണ് വിവരം. ഇതിനിടെ ഇവർ ബൈക്ക് ഒളിപ്പിക്കാനും ശ്രമം നടത്തി. ഒരാളുടെ ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അശ്വന്ത് എന്ന വിദ്യാർഥിയും മത്സരയോട്ടം നടത്തി അപകടത്തിലായ ആളും തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

