ആ രണ്ടുതെളിവുകൾ നിർണായകമായേക്കും; പ്രതികളില്‍ ഒരാള്‍ മാപ്പുസാക്ഷിയാകാന്‍ സാധ്യത

കൊച്ചി:ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന കേസിൽ കോടതിയിൽ രണ്ടു കവറുകളിലായി സമർപ്പിച്ച തെളിവുകൾ മൂന്നാംദിനത്തിലെ ചോദ്യംചെയ്യലിൽ നിർണായകമായേക്കും.
ഇതുവരെ സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. ഇതിനാൽത്തന്നെ പ്രതികൾക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിരുന്നു. ഇതിനെ പൊളിക്കാനാണ് അവസാന 11 മണിക്കൂറിൽ അന്വേഷണസംഘം ശ്രമിക്കുക.
ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റൽ തെളിവുകളാണ് കവറിലുള്ളത്. ഡിജിറ്റൽ തെളിവുകളിലുള്ളത് പ്രതികൾ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകൻ റാഫി, അരുൺഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയത്. പ്രതികളെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകൾ തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
ഗൂഢാലോചനക്കേസ്: ചോദ്യംചെയ്യൽ ഇന്ന് പൂർത്തിയാകും; പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയായേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ചൊവ്വാഴ്ച നടക്കും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തത്. കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാൻ സാധ്യതയുണ്ട്.
അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻ മാനേജരടക്കം മൂന്ന് ജീവനക്കാർ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.
തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങൾ ദിലീപുമായി ബന്ധമുള്ളവരെ കേൾപ്പിച്ചു. ശബ്ദസാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വംനൽകുന്ന ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ പറഞ്ഞു.കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലായിരുന്നു ആദ്യ ദിനം നടന്നത്. പ്രതികൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതുക്കിയ ചോദ്യങ്ങൾ വെച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യൽ. പ്രതികളിൽ ചിലരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തിട്ടുണ്ട്.
ഗൂഢാലോചനക്കേസിനെ കൂടാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ഇതിന്റെ ദൃശ്യങ്ങൾ കൈമാറിയതിനെക്കുറിച്ചുമെല്ലാം അന്വേഷണസംഘം വിവരങ്ങൾ തേടി. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായി കണ്ടെത്തിയ തെളിവുകളും ക്രൈംബ്രാഞ്ച് പ്രതികൾക്ക് മുന്നിൽവെച്ചു.
സൂരജ് ഇതിനായി പണം ചെലവഴിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ ദിലീപ് തനിക്ക് ഒന്നും അറിയില്ലെന്നും കള്ളക്കേസാണെന്നും ആവർത്തിക്കുകയായിരുന്നു.
സംവിധായകൻ റാഫിയുടെ മൊഴിയെടുത്തു
കൊച്ചി: സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരേ നടൻ ദിലീപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് വസ്തുതാ അന്വേഷണത്തിനായാണിത്.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥയെഴുതിയത് റാഫിയായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട സിനിമയിൽനിന്ന് പിന്മാറിയെന്ന് തന്നെ വിളിച്ചറിയിച്ചത് ബാലചന്ദ്രകുമാർ ആണെന്ന് റാഫി മാധ്യമങ്ങളോടു പറഞ്ഞു. ഇതിന്റെ കാരണമെന്തെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. ബാലചന്ദ്രകുമാറിന് സിനിമ വൈകുന്നതിൽ മനഃപ്രയാസം ഉണ്ടായി. വൈരാഗ്യമുണ്ടായതായി തോന്നിയിട്ടില്ല -റാഫി കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ, പണക്കൈമാറ്റം ദിലീപുമായി ഒന്നിച്ചുചെയ്യാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടതാണെന്നും പിന്നീട് ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നുമാണ് ബാലചന്ദ്രകുമാർ ഇതിന് നൽകിയ മറുപടി.
ബാലചന്ദ്രകുമാറിന്റെ ആരോപണം സത്യമെന്ന് പൾസർ സുനിയുടെ അമ്മ
ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുനിയെ ജയിലിൽ കണ്ടിട്ടാണ് അമ്മ കോടതിയിലെത്തിയത്.
സുനി എഴുതിയ കത്ത് നേരത്തെ അമ്മ പുറത്തുവിട്ടിരുന്നു. ഈ കത്തിലെ വിവരങ്ങളിൽ ഉറച്ചുനിൽക്കുന്നതായും സുനിക്ക് ഭയമുണ്ടെന്നും അമ്മ പറഞ്ഞു. മൊഴി നൽകിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണം സത്യമാണെന്ന് സുനി പറഞ്ഞിട്ടുണ്ട്. സിനിമാമേഖലയിൽനിന്നുള്ളവർക്കും ഈ കാര്യത്തിൽ പങ്കുണ്ട് -അവർ പറഞ്ഞു

