KSDLIVENEWS

Real news for everyone

കൈക്കൂലി വാങ്ങിയത് യാത്രയ്ക്കിടെ,വാഹനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനും; സീനിയര്‍ ക്ലര്‍ക്ക് പിടിയില്‍

SHARE THIS ON

തിരുവല്ല: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സീനിയർ ക്ലർക്കിനെ വിജിലൻസ് സംഘം പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ജീവനക്കാരനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് കൈക്കൂലിയായി വാങ്ങിയ 15000 രൂപയും പിടിച്ചെടുത്തു.

വളഞ്ഞവട്ടം സ്വദേശിനിയാണ് പ്രദീപ്കുമാറിനെതിരേ വിജിലൻസിൽ പരാതി നൽകിയിരുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി പ്രദീപ്കുമാറിനെ സമീപിച്ചത്. ഇതിനായി 40,000 രൂപ കൈക്കൂലി നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പിന്നീട് തുക 25,000 ആയി കുറച്ചു. ഇതിൽ ആദ്യപടിയായി പതിനായിരം രൂപയും പരാതിക്കാരി കൈമാറി. എന്നാൽ ഇതിനുശേഷം ബാക്കി പണം ആവശ്യപ്പെട്ട് പ്രദീപ്കുമാർ പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വളഞ്ഞവട്ടം സ്വദേശിനി വിജിലൻസിനെ സമീപിച്ചത്.


ഓഫീസിന് പുറത്തുവെച്ച് മാത്രം പണം നൽകിയാൽ മതിയെന്നായിരുന്നു പ്രദീപ്കുമാർ പറഞ്ഞിരുന്നത്. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം കൈമാറാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിക്കൊപ്പം വിജിലൻസിലെ ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു. പൊടിയാടിയിൽവെച്ച് പ്രദീപ്കുമാർ ഈ വാഹനത്തിൽ കയറി. യാത്രയ്ക്കിടെ പുളിക്കീഴ് പാലത്തിന് സമീപംവെച്ച് പരാതിക്കാരി പണം കൈമാറുകയും ചെയ്തു. എന്നാൽ എല്ലാത്തിനും സാക്ഷിയായി വാഹനത്തിലുണ്ടായിരുന്നത് വിജിലൻസ് ഉദ്യോഗസ്ഥനാണെന്ന് പ്രദീപ്കുമാർ അറിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!