KSDLIVENEWS

Real news for everyone

ഗോവയില്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ തൃണമൂലിന്റെ ശ്രമമെന്ന് നരേന്ദ്ര മോദി

SHARE THIS ON

കാൺപൂർ: ഗോവയിലെ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത് തൃണമൂൽ തുറന്നു സമ്മതിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ഭരിക്കുന്ന ഗോവയിലെ 40 സീറ്റുകളിലേക്ക് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിനിടെയായിരുന്നു പ്രധാനമന്ത്രി പ്രതികരണം. തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണത്തിലൂടെ ഗോവയിൽ വേരുറപ്പിക്കാനുള്ള ശ്രമങ്ങൾ തൃണമൂൽ കോൺഗ്രസ് നടത്തിയിരുന്നു.


സുധിൻ ധവലിക്കറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായോ എംജിപിയുമായോ ഉള്ള സഖ്യം ഗോവയിലെ ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നത് തടയുമെന്ന് ഗോവയുടെ ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വടക്കൻ ഗോവയിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചായിരുന്നു മഹുവയുടെ പരാമർശം. അവിടെ എംജിപി 13 അല്ലെങ്കിൽ 14 സീറ്റുകളിൽ ബിജെപിയുമായി നേരിട്ടുള്ള മത്സരം നടക്കുമെന്ന് അവർ പറഞ്ഞു. സഖ്യത്തിന്റെ സഹായമില്ലാതെ ഒരു പാർട്ടിയും ഗോവയിൽ സർക്കാർ രൂപീകരിക്കില്ലെന്നും മഹുവ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണമെന്നാണ് വിലയിരുത്തൽ.


അതേസമയം അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയെയും റാലിയിൽ നരേന്ദ്ര മോദി കടന്നാക്രമിച്ചു. ഇവർ ഉത്തർപ്രദേശ് രാവും പകലും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഇക്കൂട്ടർ തിരഞ്ഞെടുപ്പിന് വരുമ്പോഴെല്ലാം പുതിയ പങ്കാളിയുമായാണ് വരുന്നത്. പങ്കാളികളെ മാറ്റുന്നവർ നിങ്ങളെ സഹായിക്കുമോ?’ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളുമായുള്ള സമാജ്വാദി പാർട്ടിയുടെ സഖ്യത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സഖ്യം.

എല്ലാ തവണയും അവർ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്താറുണ്ടെന്നും മാർച്ച് 10ന് ശേഷം അവർ എങ്ങനെ പരസ്പരം കുറ്റപ്പെടുത്തുമെന്ന് നിങ്ങൾക്ക് കാണാമെന്നും നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!