ട്രെയിന്‍ കണ്‍മുന്നില്‍,മരണത്തോട് മുഖാമുഖം; പാളത്തിൽവീണ വിജയനെ രക്ഷിച്ച് ഒരമ്മയും മകനും

തലയോലപ്പറമ്പ്: കൺമുന്നിൽ ഐലൻഡ് എക്സ്പ്രസ്. എന്നിട്ടും റെയിൽപാളത്തിൽ വീണുകിടന്ന വിമുക്തഭടന് കാൽനട യാത്രക്കാരിയായ അമ്മയും മകനും രക്ഷകരായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനുസമീപം തിങ്കളാഴ്ച വൈകീട്ട് 4.33-നാണ് സംഭവം.
വെള്ളൂർ പാലക്കായിൽ (ദേവീകൃപ) വിജയൻ നായർക്ക് (65)ആണ് വെള്ളൂർ ജങ്ഷനിലെ ജിജീസ് ബേക്കറി ഉടമ തോന്നല്ലൂർ കോനത്തു വീട്ടിൽ ജിൻസന്റെ ഭാര്യ സോണിയ(44)യും മകൻ ഏബലും(ഒൻപത്) രക്ഷകരായി എത്തിയത്. മിലിട്ടറി ജീവിതത്തിനിടെ ഉണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ഒരുവശം ഭാഗികമായി തളർന്ന വിജയൻ നായർ പാളം മുറിച്ചുകടക്കുന്നതിനിടെ പാളത്തിൽ വീഴുകയായിരുന്നു.
ഈസമയം ബേക്കറിയിൽനിന്ന് സോണിയയും മകനും തോന്നല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് സോമൻ നായർ പാളത്തിൽ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എഴുന്നേല്പിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നു. ഈ സമയം തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ് 150 മീറ്റർ അപ്പുറമുള്ള പിറവംറോഡ് റെയിൽവേ സ്റ്റേഷനിലെത്തിയത് കണ്ട സോണിയയും മകനും വെള്ളൂർ കവലയിലെത്തി അവിടെയുണ്ടായിരുന്ന ആളുകളെ വിളിച്ചുവരുത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ശരീരം തളർന്ന് എഴുന്നേൽക്കാനാകാതെ കിടന്ന വിജയൻ നായർ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നത് അമ്മയുടെയും മകന്റെയും സമയോചിതമായ ഇടപെടൽ നിമിത്തമാണ്.
പാളത്തിൽനിന്ന് വിജയൻ നായരെ നീക്കി നിമിഷങ്ങൾക്കുള്ളിൽ ഐലൻഡ് എക്സ്പ്രസ് ഇതേ ട്രാക്കിലൂടെ എത്തിയപ്പോഴും നാട്ടുകാരുടെ പരിഭ്രാന്തി മാറിയിരുന്നില്ല. അദ്ദേഹം വീണുകിടന്നിടത്തുനിന്ന് പിറവംറോഡ് ജങ്ഷനിലേക്ക് 150 മീറ്ററാണ് ദൂരം. ഇവർക്ക് സ്റ്റേഷനിൽ െട്രയിൻ നിർത്തിയിട്ടത് കാണാൻ കഴിയുമായിരുന്നു. അതിനാൽ 10 മീറ്റർ അകലമുള്ള ജങ്ഷനിൽനിന്നാണ് ആളുകളെ അവർ കൂട്ടിക്കൊണ്ടുവന്നത്.
സോണിയയുടെയും മകന്റെയും അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിജയൻ നായരും കുടുംബവും. പാളത്തിന്റെ അടിയിലൂടെ സഞ്ചരിക്കാൻ വഴിയുണ്ടെങ്കിലും വലിയ വാഹനം വന്നാൽ സൈഡ് കൊടുക്കാൻ മാർഗം ഇല്ലാത്തതിനാലാണ് പാളത്തിലൂടെ കടന്നതെന്ന് വിജയൻ നായർ പറഞ്ഞു

