KSDLIVENEWS

Real news for everyone

വീണ്ടും അഞ്ജലിയുടെ വീഡിയോ; റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം, കൊച്ചിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി

SHARE THIS ON

കോഴിക്കോട്: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ പുതിയ ആരോപണങ്ങളും വിശദീകരണവുമായി പ്രതി അഞ്ജലി റീമാദേവ്. സംഭവം കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയിൽ അഞ്ജലി ആരോപിക്കുന്നത്. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അഞ്ചുവർഷമായി അറിയാമെന്നും എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി താൻ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ലെന്നും അഞ്ജലി പറയുന്നു.

അഞ്ജലി പുറത്തുവിട്ട വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:-


സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഞാൻ വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ പലകാര്യങ്ങളും എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ, നിയമവ്യവസ്ഥയെയും കോടതിയെയും പോലീസിനെയും എല്ലാം മാനിച്ചുകൊണ്ടാണ് ഞാൻ ഇപ്പോൾ കുറച്ചുകാര്യങ്ങൾ കൂടെ വ്യക്തമാക്കുന്നത്.

വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവർ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതിൽതന്നെ എനിക്ക് സംശയമുണ്ട്.


പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്റെ കൂടെയും വന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർ നിഷേധിക്കട്ടെ. ഈ കുട്ടിയെ കൂട്ടിവരുമ്പോൾ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, അതോ ഞാനാണോ കുട്ടിയുടെ ഐഡി കാർഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്. സൈജുവും ഞാനും ചേർന്നുള്ള പേഴ്സണൽ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെൺകുട്ടികളെയും കൂട്ടി ഇവർ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നിൽ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.

ഓഫീസിലെ ഔദ്യോഗിക രേഖകൾ കട്ടെടുക്കുക, ഒപ്പിട്ട ചെക്കുകൾ കൊണ്ടുപോകുക, എംപ്ലോയി ഫയൽ റെക്കോഡ്, ക്ലയന്റ് ഡീറ്റെയിൽസ്, എന്റെ പേഴ്സണൽ ഇൻഫർമേഷൻ എന്നിവയൊക്കെ രണ്ടരമാസം ജോലിയിലിരുന്ന ഇവർ എന്തിനാണ് നോക്കിയത്. ഇതെല്ലാം ചെയ്തത് എന്റെ പേരിൽ കേസ് കൊടുക്കാൻ വേണ്ടിയായിരുന്നു.

റോയി വയലാട്ടിനെ അറിയില്ലെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, നമ്പർ 18 ഹോട്ടലിന്റെ ഉടമയെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ അഞ്ച് വർഷമായി അറിയാം. ഞാൻ മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവർഷമായി ഞാൻ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല.


അതിന് മുമ്പേയായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല. അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്പിറ്റാലിറ്റി, അതെല്ലാം എല്ലാവരോടും തുല്യമായി കാണിക്കാറുണ്ട്. അതിൽ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ കെട്ടിച്ചമയ്ക്കുന്നത് ഓരോ കഥകളാണ്.

ഞാൻ പെൺകുട്ടികളെ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങൾക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം. ഇത് വ്യാജമാണ്. ഇതിലൂടെ എന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പെൺകുട്ടികളുടെ കൂടി മാനമാണ് നഷ്ടപ്പെടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം ഈ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീ തന്നെ നൽകണം.

കോടതിയുടെ മുന്നിലുള്ള കേസായതിനാൽ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് അറിയാം. പക്ഷേ, എന്റെ നിസ്സാഹയാവസ്ഥ കാരണമാണ് ഞാൻ ഇതെല്ലാം പറയുന്നത്. ഇപ്പോൾ എന്റെ സാഹചര്യമെന്താണെന്ന് എല്ലാവർക്കും മനസിലാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!