KSDLIVENEWS

Real news for everyone

പുല്‍വാമ വാര്‍ഷികത്തിലും ‘പാപ് ലീല’ തുടരുന്നു; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

SHARE THIS ON

പത്താൻകോട്ട്: മിന്നലാക്രമണ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016-ലെ പത്താൻകോട്ട് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ കോൺഗ്രസ് കുറച്ചുകാണുകയും അപമാനിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

പാക് ആക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണത്തിൽ കോൺഗ്രസ് ഒഴികെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ പത്താൻകോട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ മോദിയുടെ രൂക്ഷവിമർശനം. ‘അവർ സർക്കാരിനെയും പഞ്ചാബിലെ ജനങ്ങളെയും എന്തിന് നമ്മുടെ സൈന്യത്തെയും പോലും ചോദ്യംചെയ്തു. സൈനികരുടെ ത്യാഗത്തെ അവർ ഇകഴ്ത്തി’, പ്രധാനമന്ത്രി പറഞ്ഞു.


2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷിക വേളയിലും കോൺഗ്രസ് അതുതന്നെയാണ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പുൽവാമ വാർഷികത്തിൽ പോലും അവർ അവരുടെ ‘പാപ് ലീല’ തുടരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിൽ പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചിരുന്നു.


ഇതിന് ചുട്ടമറുപടി നൽകി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രൂക്ഷ വിമർശനത്തിന് വിധേയനായിരുന്നു.

പുൽവാമയിലെ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം ഇതിന് തിരിച്ചടിയായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ ബാലാകോട്ടിനുള്ളിലെ ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന ക്യാമ്പ് (ലോഞ്ച് പാഡ്) തകർത്തിരുന്നു.

ആം ആദ്മി പാർട്ടിയെ കോൺഗ്രസിന്റെ ഫോട്ടോകോപ്പി എന്ന് വിശേഷിപ്പിച്ച മോദി അയോധ്യ ക്ഷേത്രത്തിന്റെ കാര്യത്തിലും സൈന്യം എന്തെങ്കിലും ചെയ്യുമ്പോഴും ഇവർ സന്തുഷ്ടരല്ലെന്നും കുറ്റപ്പെടുത്തി. ഇവരോട് ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!