അധ്യാപകൻ അക്രമിക്കപ്പെട്ട സംഭവം: രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയണം എസ്.ജെ.എം

കാസറഗോഡ് : ബോവിക്കാനം മുതലപ്പാറ മദ്റസയിൽ അധ്യാപകൻ അക്രമിക്കപ്പെട്ട സംഭവം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് സമൂഹത്തിൻ്റെ ധാർമിക മുന്നേറ്റത്തിന് തുരംഗം വെക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളുടെ ശ്രമത്തിൻ്റെ ഭാഗമാണെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചൂരിയിലെ മദ്റസാ ധ്യാപകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ തടക്കം അധ്യാപക സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുമ്പോൾ മാനേജ്മെൻ്റ് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നിയമവിരുദ്ധമായ പ്രവണതയെ പ്രോൽസാഹിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും എസ്. ജെ.എം ക്യാബിനറ്റ് ആവശ്യപ്പെട്ടു. അപൂർവ്വമായ സംഭവങ്ങളെ പർവ്വതീകരിച്ച് മദ്റസാ പ്രസ്ഥാനത്തെയും നിസ്വാർത്ഥരായ അധ്യാപക സമൂഹത്തെയും സോഷ്യൽ മീഡിയകളിലും മറ്റും അടച്ചാക്ഷേപിക്കുന്ന രീതിയും ,രാഷ്ട്രീയം കലർത്തി ഭിന്നിപ്പിക്കാനുള്ള ശ്രമവും അത്യന്തം ഹീനമാണെന്നും നേതാക്കൾ
അഭിപ്രായപ്പെട്ടു.
അശ്റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. ജമാലുദ്ദീൻ സഖാഫി ആദൂർ, ഇബ്റാഹിം സഖാഫി അർളടുക്ക, അബ്ദുല്ലത്വീഫ് മുസ്ലിയാർ, അബ്ദുറഹ്മാൻ സഅദി പള്ളപ്പാടി,അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, അശ്റഫ് സഖാഫി മുഹിമ്മാത്ത്, ഹനീഫ് സഅദി മഞ്ഞം പാറ, ഇല്യാസ് കൊറ്റുമ്പ സംബന്ധിച്ചു.

