സ്വത്തു തര്‍ക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു

കോട്ടയത്ത് സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടി വെച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്ബാനായില് രഞ്ജു കുര്യനാണ് വെടിയേറ്റുമരിച്ചത്. രഞ്ജുവിന്റെ തന്നെ സഹോദരനായക ജോര്‍ജ് കുര്യനാണ് വെടിവെച്ചത്.
ഇവരുടെ മാതൃ സഹോദരന് മാത്യു സ്കറിയക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പ്പിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ഫ്ലാറ്റ് നിര്‍മ്മാതാവായ ജോര്‍ജ് കുര്യന് കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഊട്ടിയില്‍ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായി കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തുകയും തറവാട്ടുവീട്ടില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും പ്രശ്നമാകുകയും ചെയ്തു.
തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ജോര്‍ജ് കുര്യന് സഹോദരനെയും മാതൃസഹോദരനെയും വെടിവെയ്ക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രഞ്ജു അപ്പോള്‍ തന്നെ മരിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന് വെടിയേല്‍ക്കുന്നത്.
വെടിയേറ്റ് അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോര്‍ജിനെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്കാണ് ജോര്‍ജ് കൊലപാതകത്തിനുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

