മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഹൈദരലി തങ്ങള്‍; അനുസ്മരിച്ച് രാഹുല്‍, പാണക്കാട് വീട്ടിലെത്തി

കോഴിക്കോട്: രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ആത്മീയ നേതാവ് കൂടിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് (Panakkad Sayed Hyderali Shihab Thangal) രാഹുല്‍ ഗാന്ധി (Rahul Gandhi) . മതേതരത്വം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദേഹം. ഹൈദരലി തങ്ങള്‍ പിന്‍തുടര്‍ന്നിരുന്ന പാത അതേ രീതിയില്‍ സാദിഖലി തങ്ങളും പിന്‍തുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയിരുന്നു.
സോണിയാ ഗാന്ധിയുടെ അനുശോചനം രാഹുല്‍ ഗാന്ധി സാദിഖലി തങ്ങള്‍ക്ക് കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍, എ ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
ലീഗിനെ നയിക്കാന്‍ ഇനി സാദിഖലി തങ്ങള്‍
മുന്‍ അധ്യക്ഷന്‍മാരേക്കാള്‍ സംഘടനാകാര്യങ്ങളില്‍ കുറെകൂടി ഇടപെടുന്ന നേതാവാണ് മുസ്ലീം ലീഗിന്റെ പുതിയ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 2009 മുതല്‍ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സാദിഖലി തങ്ങള്‍. സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു മുഹമ്മദി ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും സഹോദരനായ പാണക്കാട് സാദിഖലി തങ്ങള്‍.
2000-ത്തില്‍ എം.കെ.മുനീര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കെ.ടി.ജലീലിനെ മാറ്റി നിര്‍ത്താനായി യൂത്ത് ലീഗ് അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി തങ്ങള്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. 2007ല്‍ അദ്ദേഹം യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. 2009-ല്‍ ജേഷ്ഠന്‍ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ ഹൈദരാലി തങ്ങളുടെ തീരുമാനങ്ങളില്‍ പങ്കാളിയായും ഉന്നതാധികാരസമിതിയില്‍ കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനുമൊപ്പം നിര്‍ണ്ണായകശബ്ദമായും സാദിഖലി തങ്ങള്‍ മാറി.
രാജ്യസഭാ സീറ്റ് നിര്‍ണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല സുപ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു. അതോടെ ലീഗനകത്ത് പുതിയ അധികാരകേന്ദ്രമായി സാദിഖലി തങ്ങള്‍ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.
സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തില്‍ എംഎസ്‌എഫ് അധ്യക്ഷന്‍ പി.കെ.നവാസ് പിടിച്ചു നിന്നത് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോഴുള്ള ഏതിര്‍പ്പുകള്‍ തങ്ങള്‍ അവഗണിച്ചു. അന്ന് എതിര്‍ത്തവര്‍ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി.
പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി അയച്ച ലീഗ് വയനാട് ജില്ലാ കമ്മിറ്റിയംഗം സി.മമ്മിക്ക് നടപടി നേരിടേണ്ടി വന്നു. മുന്‍ഗാമികളെ അപേക്ഷിച്ച് കര്‍ക്കശക്കാരനായ സാദിഖലി തങ്ങള്‍ കുറെക്കുടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. തീരുമാനം തങ്ങള്‍ക്ക് വിട്ടു എന്ന പതിവ് പല്ലവി വെറും വാക്കാവില്ല.

