KSDLIVENEWS

Real news for everyone

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും

SHARE THIS ON

പാലക്കാട്-തൃശൂര്‍ ദേശീയ പാതയിലെ പന്നിയങ്കരയിലെ ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും.തൃശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്ബനിക്കാണ് ടോള്‍ പിരിവിന് ചുമതല. റോഡിനും കുതിരാന്‍ തുരങ്ക പാതയ്ക്കും പ്രത്യേകമായി തുക നിശ്ചയിച്ച്‌ രണ്ടിനും ചേര്‍ത്താണ് ടോള്‍ പിരിക്കുന്നത്. എന്നാല്‍ സൗജന്യപാസ് നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ടോള്‍പിരിവ് ആരംഭിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും പ്രദേശവാസികള്‍ അറിയിച്ചു.

കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയായ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായ. കരാര്‍ കമ്ബനി കെ.എം.സി., ആറുവരിപ്പാത നിര്‍മാണത്തിനായി രൂപവത്കരിച്ച തൃശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്ബനിയാണ് ടോള്‍ പിരിവ് നടത്തുക. 2032 സെപ്റ്റംബര്‍ 14 വരെ ടോള്‍ പിരിക്കാം അതിനുശേഷം ടോള്‍ നിരക്ക് 40 ശതമാനമായി കുറയ്ക്കണം. ടോള്‍ പിരിവ് കേന്ദ്രത്തിന്‍റെ 20 കിലോമീറ്റര്‍ പരിധിയിലുള്ള താമസക്കാരുടെ സ്വകാര്യവാഹനങ്ങള്‍ക്ക് 285 രൂപ പ്രതിമാസനിരക്കില്‍ പാസും അനുവദിച്ചിട്ടുണ്ട്. കാറുകള്‍ക്ക് 90 രൂപയും ട്രക്കുകള്‍ക്ക് 280 ഉം മിനി ചരക്ക് വാഹനങ്ങള്‍ക്ക് 140 ഉം വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 430 രൂപയുമാണ് ഒരു വശത്തേക്കുള്ള നിരക്ക്.

രണ്ടുമാസം മുമ്ബുതന്നെ 18 ട്രാക്കുകളുള്ള ടോള്‍ പിരിവ് കേന്ദ്രം വടക്കഞ്ചേരി പന്നിയങ്കരയില്‍ പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു. ജനുവരി അവസാനത്തോടെ ടോള്‍ പിരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങളുടെ എതിര്‍പ്പും സര്‍വീസ് റോഡിന്‍റെ റീടാറിങ് പൂര്‍ത്തിയാകാത്തതും മൂലം നീണ്ടുപോവുകയായിരുന്നു. കുതിരാന്‍ തുരങ്കമുള്‍പ്പെടെ 25.725 കിലോമീറ്ററാണ് പാതയുടെ നീളം. എന്നാല്‍ ടോള്‍ പിരിവ് കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് സൗജന്യപാസ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടിയുണ്ടായിട്ടില്ലെന്നും പിരിവ് ആരംഭിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ജനകീയ സമര സമിതി നേതാക്കള്‍ പറഞ്ഞു. സര്‍വീസ് റോഡ് നിര്‍മ്മാണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കാതെയാണ് കരാര്‍ കമ്ബനി പിരിവ് ആരംഭിച്ചിരിക്കുന്നത് എന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. ടോള്‍ പിരിവ് ആരംഭിച്ചാല്‍ തടയാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!