KSDLIVENEWS

Real news for everyone

വിമര്‍ശനങ്ങളെ മറികടക്കാന്‍ പുതിയ നീക്കം; നേതൃത്വത്തില്‍ വീണ്ടും സജീവമായി സോണിയാ ഗാന്ധി

SHARE THIS ON

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ പുതിയ നീക്കവുമായി സോണിയാ ഗാന്ധി. പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി നേതൃപരമായ തീരുമാനങ്ങളെടുക്കുന്നു എന്ന വിമര്‍ശനം മറികടക്കാന്‍ സോണിയാ ഗാന്ധി തന്നെ നേതൃത്വത്തില്‍ സജീവമാവുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ട്ടിയിലും പാര്‍ലമെന്റിലും സോണിയ നടത്തുന്ന ഇടപെടലുകള്‍ ഇതിന് തെളിവാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റ അഞ്ചു സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷന്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട സോണിയ എല്ലാ സംസ്ഥാനങ്ങളിലും തോല്‍വിയുടെ കാരണം പഠിക്കാന്‍ നേതാക്കളെ നിയോഗിച്ചിട്ടുണ്ട്. പഞ്ചാബിലെയും കേരളത്തിലെയും എംപിമാരുമായി കഴിഞ്ഞ ദിവസങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് ശശി തരൂരിനെയും കെ.വി തോമസിനെയും വിലക്കിയത് സോണിയ നേരിട്ടാണ്.

പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തിയ ജി 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും സോണിയാ ഗാന്ധി നടത്തുന്നുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തി അവരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും സോണിയ നടത്തിയിരുന്നു.

പാര്‍ലമെന്റിലും രാഹുല്‍ ഗാന്ധിയെ ഇടപെടുവിക്കാതെ പ്രതിപക്ഷത്തിന്റെ നേതൃത്വം സോണിയ തന്നെ നേരിട്ട് ഏറ്റെടുക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ധന വിലവര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധം ബുധനാഴ്ച പാര്‍ലമെന്റില്‍ നയിച്ചത് സോണിയാ ഗാന്ധിയാണ്. സമൂഹ മാധ്യമങ്ങളും സര്‍ക്കാറും തമ്മില്‍ ഒത്തുകളിക്കുന്നതിനെതിരെയും സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി പുനരാരംഭിക്കുന്നതിന് വേണ്ടിയും കഴിഞ്ഞ ദിവസങ്ങളില്‍ സോണിയ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!