എം.സി ഖമറുദ്ദീനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം-കെ.സുരേന്ദ്രന്

കാസര്‍കോട്: ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ എം.സി ഖമറുദ്ദീന് എം.എല്‍.എയെ രക്ഷിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു. കാസര്‍കോട് പ്രസ്ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. 50ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. എല്ലാ കേസുകളും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള വഞ്ചനാകേസുകളാണ്. വ്യക്തമായ തെളിവുകളുണ്ടായിട്ടും ഖമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നില്ല. എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളടക്കം എം.സി ഖമറുദ്ദീന് പങ്കെടുക്കുന്നു. അറസ്റ്റ് ചെയ്യുമെന്ന ഭയം എം.എല്‍.എക്കില്ല. മുന്‍കൂര്‍ ജാമ്യത്തിന് പോലും അപേക്ഷിച്ചിട്ടില്ല. എല്‍.ഡി.എഫ് സഹായം കിട്ടുമെന്ന ഉറപ്പിനെ തുടര്‍ന്നാണിത്. സി.പി.എം പേരിന് മാത്രമാണ് ഖമറുദ്ദീനെതിരെ പ്രസ്താവന നടത്തുന്നത്. വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറയുന്നതല്ലാതെ നടപടിയൊന്നും എടുക്കുന്നില്ല. അറസ്റ്റ് ചെയ്യാതെയും ചോദ്യം ചെയ്യാതെയും എങ്ങനെയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്-സുരേന്ദ്രന് ചോദിച്ചു. ജില്ലയില്‍ സി.പി.എമ്മും ലീഗും തമ്മില്‍ അടവുനയമുണ്ട്. മുമ്പ് ബി.ജെ.പി ഭരിച്ചിരുന്ന മൂന്ന് പഞ്ചായത്തുകളില്‍ ഭരണം അട്ടിമറിച്ചത് ഈ കൂട്ടുകെട്ടാണ്. വരാന്‍ പോകുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും അവര്‍ തമ്മില്‍ ധാരണക്ക് നീക്കമുണ്ട്. എങ്ങനെയാണ് 150 കോടി രൂപ തിരിച്ചുകൊടുക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമായ മറുപടി പറയണം-സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്നാണ് മന്ത്രി ജലീല്‍ തന്നെ പറയുന്നത്.എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് അങ്ങനെ നടന്നിട്ടില്ലെന്നും അത് ബി.ജെ.പിയുടേയും പ്രതിപക്ഷത്തിന്റെയും ആരോപണം മാത്രമാണെന്നുമാണ്-സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

