സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ജോലിക്കെത്തണം; കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ നേരിടാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഡയസ്നോണ്‍ നിലവില്‍ വന്നു.ഉദ്യോഗസ്ഥര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് 11 മണിക്കുള്ളില്‍ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്കെത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജീവനക്കാര്‍ക്കാവശ്യമായ സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കി.
ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും രണ്ടു ദിവസത്തെ സമരത്തില്‍ ഭാഗമായിരുന്നു. എന്നാല്‍ സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയും ജീവനക്കാര്‍ ഹാജരാകാന്‍ വേണ്ടി ഉത്തരവിറക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയെങ്കിലും ഉത്തരവിറക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ കോടതി നിലപാട് നിര്‍ണായകമാകും.

