കെ റെയില്‍ ഭൂമിയില്‍ വായ്പ നിഷേധിക്കരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ഉറപ്പാക്കിയാണ് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. റെയിൽവേ, ധനമന്ത്രാലയങ്ങളുടെ തത്വത്തിലുള്ള അനുമതിയുണ്ട്. ഇത് മനസ്സിലാക്കിയിട്ടും പ്രതിപക്ഷ നേതാക്കൾ കള്ളപ്രചാരണം നടത്തുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2019 ഡിസംബർ 17ന് റെയിൽവേ ബോർഡ് പ്രോജക്ട്സ് വിഭാഗം ഡയറക്ടർ ഡി കെ മിശ്ര സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ തത്വത്തിലുള്ള അംഗീകാരം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2021 ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലും ഇക്കാര്യം അടിവരയിട്ടു. ജപ്പാൻ ഇന്റർനാഷണൽ കോ–-ഓപ്പറേഷൻ ഏജൻസിയുമായി ചേർന്ന് സംയുക്ത നിക്ഷേപത്തിന്റെയും ഭൂമി ഏറ്റെടുക്കലിന്റെയുമൊക്കെ നടപടിയിലേക്ക് കടക്കാമെന്നും വ്യക്തമാക്കി. സാമ്പത്തികകാര്യവകുപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി ചർച്ചകളുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് കത്തെഴുതിയത്. ഇക്കാര്യം സർക്കാർ പലവട്ടം വ്യക്തമാക്കിയതാണ്. എന്നിട്ടും പദ്ധതിക്ക് അംഗീകാരവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് അടക്കം പ്രചരിപ്പിക്കുന്നു. ബിജെപി നേതാക്കൾക്കും ഇതേ വാദമാണ്. കേരളത്തിൽ വന്ദേഭാരത് നടപ്പാക്കുന്നതിൽ ബിജെപി നേതാക്കൾക്കുതന്നെ സംശയമുണ്ട്. അതാണ് ഇ ശ്രീധരന്റെ അഭിപ്രായമായി പുറത്തുവന്നത്. എന്നാൽ, കോൺഗ്രസ് നേതാക്കൾക്ക് ഈ പദ്ധതിയിൽ ഒരു സംശയവുമില്ല. കേന്ദ്രം ചെയ്യേണ്ട ന്യായമായ കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നത് കേരളത്തിന്റെ താൽപ്പര്യത്തിന് നന്നല്ല. പദ്ധതി ആവശ്യമാണെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ സ്വാഗതംചെയ്യുന്നു. വിശദ പദ്ധതിരേഖയിലെ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത കേന്ദ്രം ആവശ്യപ്പെട്ടത് സ്വാഭാവിക നടപടിയാണ്. മറുപടി പരിശോധിച്ചാകും അന്തിമ അനുമതി. ഇത് വേഗത്തിലാക്കണം. അന്തിമ അനുമതി ലഭിച്ചെന്ന് ആരും അവകാശപ്പെട്ടിട്ടില്ല. സാമ്പത്തികസാധ്യതയില്ലാത്ത പദ്ധതിയിൽ ജൈക്കപോലൊരു ഏജൻസി നിക്ഷേപത്തിന് തയ്യാറാകുമോയെന്ന് വിമർശം ഉന്നയിക്കുന്നവർ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

