ഒന്നാംതരം വീട്; അക്കൗണ്ടിൽ പണം വരും; ചെന്നിത്തല പിഴുതു: സജി ചെറിയാൻ നാട്ടി

ചെങ്ങന്നൂർ (ആലപ്പുഴ) ∙ കൊഴുവല്ലൂരിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പിഴുത സിൽവർലൈൻ സർവേക്കല്ല് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വീണ്ടും നാട്ടി. കൊഴുവല്ലൂർ കിഴക്കേമോടിയിൽ തങ്കമ്മയുടെ വീടിനു മുന്നിൽ അടുപ്പുകല്ലിളക്കി സ്ഥാപിച്ച സർവേക്കല്ല് കഴിഞ്ഞ ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പിഴുതു മാറ്റിയിരുന്നു. ഇന്നലെ രാവിലെ സിപിഎം പ്രവർത്തകർക്കൊപ്പം എത്തിയ സജി ചെറിയാന്റെ സാന്നിധ്യത്തിൽ കല്ല് അതേ സ്ഥാനത്തു വീണ്ടും കുഴിച്ചിട്ടു.
സ്ഥലം ഏറ്റെടുത്താൽ ഒന്നാംതരം വീട് സർക്കാർ തരുമെന്നും ബാങ്ക് അക്കൗണ്ടിൽ പണം വന്ന ശേഷം മാറിയാൽ മതിയെന്നും തങ്കമ്മയോടു പറഞ്ഞ ശേഷമാണ് മന്ത്രി കല്ലിടാൻ പ്രവർത്തകരോടു നിർദേശിച്ചത്.
കല്ലിട്ടത് തന്റെ സഹോദരന്റെ ഓഹരിയിലുള്ള സ്ഥലത്താണെന്നു തങ്കമ്മ പറയുന്നു. താമസിക്കുന്ന സ്ഥലം പോകുമെന്ന അവസ്ഥയിലാണ് നേരത്തേ കല്ലിടലിനെതിരെ പ്രതികരിച്ചത്. നാട്ടുകാരനായ മന്ത്രി വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതിനാലാണ് എതിർത്തു സംസാരിക്കാതിരുന്നതെന്നും തങ്കമ്മ പറഞ്ഞു. പണിമുടക്കായതിനാൽ സ്കൂട്ടർ ഓടിച്ചെത്തി മന്ത്രി ജന്മനാടായ കൊഴുവല്ലൂരിലെ വീടുകളിൽ സിൽവർലൈനിനെപ്പറ്റി ബോധവൽക്കരണം നടത്തി. മന്ത്രി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സമരസമിതി നേതാവ് സിന്ധു ജയിംസ് ആരോപിച്ചു.
∙ ‘സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ നുണപ്രചാരണമാണു നടത്തുന്നത്.നഷ്ടപരിഹാരം, ബഫർ സോൺ, അലൈൻമെന്റ് എന്നീ കാര്യങ്ങളിലെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നത്. പാവപ്പെട്ടവന്റെ കിടപ്പാടത്തിനു കുറുകെ പോകുന്ന അലൈൻമെന്റ്, ചില സമ്പന്നരുടെ പറമ്പിനു മുൻപിലെത്തുമ്പോൾ വളയുകയും തിരിയുകയും ചെയ്യുന്നു’ – എം.എം.ഹസൻ (യുഡിഎഫ് കൺവീനർ)

