കാസർകോട് ജില്ലയിൽ ആശുപത്രി തുടങ്ങാൻ മുസ്‌ലിംലീഗും

കാസർകോട്∙ സിപിഎമ്മിനും കോൺഗ്രസിനും പുറമേ മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സിഎച്ച് സെന്ററും ജില്ലയിൽ ആശുപത്രി തുടങ്ങുന്നു. കാസർകോട്–കുമ്പള ദേശീയ പാതയോരത്താണ് കോടികൾ ചെലവഴിച്ച് എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി സമുച്ചയം നിർമിക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്കു കീഴിൽ നിലവിൽ ജില്ലയിൽ ആശുപത്രികളുണ്ട്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് ജില്ലയിൽ 2 ആശുപത്രികളും വിവിധ ക്ലിനിക്കുകളുമുണ്ട്. ഇതിനു പുറമേ സിപിഎം ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഡയറക്ടർമാരായി പുതിയതായി രൂപീകരിച്ച സൊസൈറ്റി കാഞ്ഞങ്ങാട്ട് ആധുനിക രീതിയിലുള്ള ആശുപത്രി തുടങ്ങുന്നതിനുള്ള പദ്ധതിയുമായി രംഗത്തുണ്ട്. മുസ്‍ലിംലീഗിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ആശുപത്രി തുടങ്ങുന്നത്. കാസർകോട് സിഎച്ച് സെന്റർ ചെയർമാൻ അബ്ദു ലത്തീഫ് ഉപ്പള ഗേറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്കും തുടക്കമിടും.യോഗം മുസ്‍ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ മാഹിൻ കേളോട്ട്, മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, കെ.അബ്ദുൽ കരീം, എൻ.എ. അബൂബക്കർ ഹാജി, എൻ.എ നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം അഷ്‌റഫ് എംഎൽഎ, അസീസ് മടിക്കൈ, മൂസ.ബി ചെർക്കള എന്നിവർ പ്രസംഗിച്ചു
സിപിഎം നേതൃത്വത്തിലുള്ള ആശുപത്രികൾ
∙ഇ.കെ.നായനാർ സഹകരണ കോ–ഓപ്പറേറ്റീവ് ആശുപത്രി, ചെങ്കള
∙കാസർകോട് ജില്ലാ സഹകരണ ആശുപത്രി, കുമ്പള,
∙തേജ്വസിനി ആശുപത്രി നീലേശ്വരം.
കോൺഗ്രസ് നേതൃത്വത്തിലുള്ള ആശുപത്രി
∙എൻകെബിഎം സഹകരണ ആശുപത്രി നീലേശ്വരം

