സൂക്ഷിക്കുക; തലയ്ക്കുമുകളിൽ ക്യാമറയുണ്ട്, കാസർകോട്ട് മോട്ടോർ വഹനവകുപ്പ് എൻഫോസ്മെന്റിന്റെ കൺട്രോൾ റൂം തുറന്നു

കാസർകോട് : മോട്ടോർവാഹനവകുപ്പ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഗതാഗതനിയമലംഘനങ്ങൾ പിടികൂടുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറകൾ ജില്ലയിൽ സ്ഥാപിച്ചു. 16 ഇടത്താണ് ആദ്യഘട്ടത്തിൽ ക്യാമറകൾ പ്രവർത്തിക്കുക. 49 ഇടങ്ങൾ തിരഞ്ഞെടുത്തിരുന്നെങ്കിലും
ദേശീയപാതാ വികസനം നടക്കുന്നതിനാൽ നേരത്തേ സ്ഥാപിച്ച തൂണുകൾ ദേശിയപാതയോരത്തുനിന്ന് മാറ്റി. നിർമാണം പൂർത്തിയായശേഷം മാത്രമേ ദേശീയപാതയോരങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയുള്ളൂ. ഒരാഴ്ചയ്ക്കകം ജില്ലയിലെ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കും.
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ എ.ഐ. ക്യാമറകൾ പിടികൂടും. ഓട്ടോമാറ്റിക് നമ്പർ റെക്കഗ്നിഷൻ സിസ്റ്റം അടങ്ങുന്ന ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.
നിയമലംഘനം കണ്ടെത്തുന്നതോടെ കൺട്രോൾറൂമിലുള്ള കംപ്യൂട്ടറുകളിൽ നിയമലംഘകർക്കുള്ള പിഴത്തുക അടങ്ങുന്ന ചലാൻ ഓട്ടോമാറ്റിക്കായി തയ്യാറാകും.
80 മീറ്റർ വരെയാണ് ക്യാമറയുടെ വിഷൻ. നാല് മീറ്ററോളം ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിക്കുക.
നേരെനിന്ന് കാണുന്നതിലും വ്യക്തമായി കാറിലുള്ള നിയമലംഘനങ്ങൾ ക്യാമറ ഒപ്പിയെടുക്കും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്നുള്ള വ്യക്തമായ ദൃശ്യം ക്യാമറ നൽകും. മൊബൈൽഫോൺ ഉപയോഗിച്ചുള്ള യാത്രകളെയും ക്യാമറ പിടികൂടും.
സേഫ് കേരള മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിനാണ് ക്യാമറകളിലൂടെയുള്ള നിരീക്ഷണത്തിന്റെ ചുമതല. ഇതിനായി കറന്തക്കാട്ടുള്ള പഴയ ബി.എസ്.എൻ.എൽ. കെട്ടിടത്തിൽ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം ഒരുങ്ങി. ജില്ലയിലെ ക്യാമറകളുടെ നിയന്ത്രണം ഇവിടെ നടക്കും.
ക്യാമറ ഉറപ്പിക്കുന്നതിനുള്ള തൂണുകൾ കഴിഞ്ഞ ഓഗസ്റ്റിൽതന്നെ സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
നിലവിൽ മോട്ടോർവാഹനവകുപ്പിന്റെ അമിതവേഗം പിടികൂടാനുള്ള ക്യാമറകളും പോലീസിന്റെ നിരീക്ഷണക്യാമറകളും മാത്രമാണ് റോഡിൽ നിരീക്ഷണം തീർക്കുന്നത്. ഓട്ടോമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകൾ ആദ്യമായാണ് സ്ഥാപിക്കുന്നത്. 46 ക്യാമറകൾ പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും മൂന്നെണ്ണം പാർക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ക്രമീകരിക്കും.
സൗരോർജം ഉപയോഗിച്ചാണ് ക്യാമറ പ്രവർത്തിക്കുക. സംസ്ഥാന, ജില്ലാ പാതകളിലാണ് നിലവിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കെൽട്രോണാണ് ക്യാമറകൾ സ്ഥാപിച്ചത്

