വധഗൂഢാലോചന കേസ്: ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സായ് ശങ്കറെ പ്രതി ചേര്‍ത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ പ്രതി ചേര്‍ത്തു. ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.
ദിലീപിന്റെ അഭിഭാഷകന് അഡ്വ. രാമന്‍പിള്ള ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചു. അഭിഭാഷകന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിന് തെളിവുകളുണ്ടെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും അതിജീവിത പരാതിയിലൂടെ ആവശ്യപ്പെട്ടു. നേരത്തേ നല്കിയ പരാതിയിലെ തെറ്റുകള്‍ തിരുത്തി പരാതി വീണ്ടും സമര്‍പ്പിക്കുകയായിരുന്നു.

