വേനൽ മഴയിൽ വ്യാപക നാശനഷ്ടം; മിന്നലേറ്റ് തെങ്ങിന് തീപിടിച്ചു

നീലേശ്വരം ∙ വേനൽമഴയിലും ഒപ്പം വീശിയടിച്ച കാറ്റിലും മിന്നലിലും വ്യാപക നാശനഷ്ടം.നീലേശ്വരം തൈക്കടപ്പുറം കൊട്രച്ചാലിലെ മുണ്ടയിൽ നാരായണന്റെ വീടിന്റെ കോൺക്രീറ്റ് മിന്നലേറ്റു തകർന്നു. അനന്തംപള്ള അമൃതാനന്ദമയി മഠം റോഡിലെ കെ.കെ.സുമേഷിന്റെ വീടും ഭാഗികമായി തകർന്നു. മാസങ്ങൾക്കു മുൻപ് ഗൃഹപ്രവേശം നടത്തിയ വീടാണിത്. ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു. തെങ്ങും നശിച്ചു.
നീലേശ്വരം അനന്തംപള്ള അമൃതാനന്ദമയി മഠം റോഡിലെ കെ.കെ.സുമേഷിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ മിന്നലേറ്റു പൊട്ടിത്തെറിച്ച നിലയിൽ.
2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബോട്ട്ജെട്ടിക്കു സമീപത്തെ വ്യാപാരി രമണന്റെ വീട്ടിലെ 2 തെങ്ങുകൾക്കു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാർ പൈപ്പിൽ നിന്നു വെള്ളം ചീറ്റിയാണ് തീയണച്ചത്. വീട്ടിലെ വൈദ്യുതി വയറിങ്ങും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. പാലായി കാവിൽഭവൻ യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപത്തെ വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ വീട്ടിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും മിന്നലിൽ നശിച്ചു. ഫ്രിജ്, വാഷിങ് മെഷീൻ, 5 സീലിങ് ഫാൻ, സ്വിച്ച് ബോർഡുകൾ തുടങ്ങിയവ നശിച്ചു.
നീലേശ്വരം തൈക്കടപ്പുറം കൊട്രച്ചാലിലെ മുണ്ടയിൽ നാരായണന്റെ വീടിന്റെ ടെറസിലെ കോൺക്രീറ്റ് മിന്നലിൽ വിണ്ടുകീറിയ നിലയിൽ.
ചോയ്യംകോട് ∙ കിനാനൂരിലെ മുകുന്ദൻ, വായേനിങ്ങയിലെ കാർത്യായനി, രാഘവൻ കൂലേരി, നാരായണി, സത്യപ്രകാശൻ കല്ലടുക്കം, തോമസ് ചൂരിപ്പാറ എന്നിവർക്കും വേനൽമഴയിൽ കൃഷിനാശമുണ്ടായി.
മടിക്കൈ കോളിക്കുന്നിലെ വിജയൻ, അനീഷ് എന്നിവരുടെ വാഴകൾ വേനൽമഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ഒടിഞ്ഞു വീണ നിലയിൽ.
മടിക്കൈ ∙ മുണ്ടോട്ടും സമീപങ്ങളിലും കൃഷിനാശമുണ്ടായി. മുണ്ടോട്ടെ ഗംഗാധരൻ, ശ്യാമള, ഇ.വി.വേണു, പനക്കൂൽ രോഹിണി, ചിറംകോട്ടെ ശശി, എം.മോഹനൻ, കെ.വി.കോരൻ, ലക്ഷ്മി, എം.മധു, മുട്ടി വീട്ടിൽ കേളു, മൈത്തടം കൃഷ്ണൻ, കോളിക്കുന്നിലെ വിജയൻ, അനീഷ് തുടങ്ങിയവരടെ വാഴ, തെങ്ങ്, കമുക്, മരങ്ങൾ എന്നിവ നശിച്ചു. വൈദ്യുത തൂണുകൾ തകർന്നു വീണ് മുണ്ടോട്ട് മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്

