എൻഡോസൾഫാൻ ഇരകൾക്ക് 5 ലക്ഷം കിട്ടാൻ ഇനി 4 ആഴ്ച

കാസർകോട് ∙ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാര വിതരണം സൂപ്രീം കോടതി ഇടപെടലിലൂടെ നടപ്പാകുന്നത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ. അന്തിമ അവസരം എന്ന നിലയിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. തുക കൈമാറിയ ശേഷം റിപ്പോർട്ട് കോടതിക്കു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാൻ 200 കോടി രൂപ അനുവദിച്ച് നേരത്തേ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെർവ് കലക്ടീവ് ആണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.
നടപടി തുടങ്ങി ജില്ലാ ഭരണകൂടവും
എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള വിവരശേഖരണം ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധർ ഉൾപ്പെടുന്ന സംഘം വീടുകൾ സന്ദർശിച്ച് പരിശോധന നടത്തി അർഹത ഉറപ്പാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചില എൻഡോസൾഫാൻ രോഗികൾ നേരത്തേ ഉള്ള വീടുകളിൽ നിന്നു താമസം മാറിപ്പോയതിനാൽ ഇവർ പുതിയ വിലാസം നൽകണമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.
ഇനി കാത്തിരിപ്പ് പാലിയേറ്റീവ് കെയർ ആശുപത്രിക്കായി
പാലിയേറ്റീവ് കെയർ ആശുപത്രി വേണമെന്ന എൻഡോസൾഫാൻ ഇരകളുടെ ആവശ്യം പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിന്റെ കൂടെ പരിഗണിക്കുന്നതിനു പകരം പ്രത്യേക കേസായി ഫയൽ ചെയ്യാൻ കോടതി തന്നെ നിർദേശിച്ചത് ഇക്കാര്യത്തിലും കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇരകൾക്കു നൽകുന്നത്. മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും ഇത്തരമൊരു ആശുപത്രി വേണമെന്ന് നിർദേശിച്ചതാണ്. ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി എൻഡോസൾഫാൻ പാലിയേറ്റീവ് ചികിത്സയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്ന ആവശ്യമാണ് സെർവ് കൂട്ടായ്മ കോടതിയിൽ ഉന്നയിക്കുന്നത്.

സെർവ് കലക്ടീവ് കൂട്ടായ്മാ അംഗങ്ങൾ (ഫയൽപടം)
സെർവ് കൂട്ടായ്മയുടെ ഇടപെടൽ വിജയം
കാസർകോട് ∙ ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് ഏറെ ആശ്വാസമാകുന്ന ഈ ചരിത്രപ്രസിദ്ധ വിധിക്ക് കാരണക്കാരായതു സെർവ് കലക്ടീവ് കൂട്ടായ്മയുടെ ഇടപെടൽ. 2020 ജനുവരി 4ന് ലീലാകുമാരി അമ്മയുടെ വീട്ടിൽ ചേർന്ന യോഗമാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചത്. എൻഡോസൾഫാൻ ഇരകളുടെ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശത്തിനു നീതിപീഠത്തെ സമീപിക്കാമെന്ന ചരിത്രപരമായ തീരുമാനം ആ യോഗത്തിൽ കൂട്ടായ്മ എടുത്തു.
ലീലാകുമാരിയമ്മ, പ്രകാശ് ബാരെ, എം.എ.റഹ്മാൻ, ഡോ. വൈ.എസ്.മോഹൻ കുമാർ, കെ.ബി.മുഹമ്മദ്കുഞ്ഞി, ബി.സി.കുമാരൻ,കെ.വി.കുമാരൻ, ഹസൻ മാങ്ങാട്, ജി.ബി.വത്സൻ, ഡോ.ടി.എം.സുരേന്ദ്രനാഥ്, പി.എം.ബാലകൃഷ്ണൻ, മൂസ പട്ടില്ലത്ത്, ബി.അഷറഫ്, കെ.കെ.അശോകൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എൻവിസാജ്, എൻഡോസൾഫാൻ ദുരിതബാധിത സംരക്ഷണ സമിതി, പുഞ്ചിരിക് ലബ്ബ് ബോവിക്കാനം, എസ്പാക്, ഏകതാപരിഷത്ത്, ലോഹ്യാവിചാരവേദി, നവയാനം പയ്യന്നൂർ, പാഠഭേദം, അധിനിവേശ പ്രതിരോധ സമിതി, വ്യവസായ തൊഴിലാളി സൗഹൃദ സംഘം അമ്പലമുകൾ, ഫെയർ ട്രേഡ് അലയൻസ് ഓഫ് കേരള, ജോയിന്റ് ഫോറം ഓഫ് എൻഡോസൾഫാൻ വിക്ടിംസ് ട്രിബ്യൂണൽ റൈറ്റ്സ് എന്നീ സംഘടനകളാണ് സെർവ് കലക്ടീവ് കൂട്ടായ്മ രൂപീകരിച്ചത്.
അനാവശ്യ സമരങ്ങൾക്കും സർക്കാരിൽ നിന്നുള്ള ഒത്തുതീർപ്പിനും കാത്തിരിക്കാതെ നീതിപീഠത്തെ സമീപിക്കാനായിരുന്നു സെർവ് കലക്ടീവ് കൂട്ടായ്മയുടെ തീരുമാനം. ആ തീരുമാനത്തിലൂടെ വലിയ നേട്ടമാണ് എൻഡോസൾഫാൻ ഇരകൾക്കു ലഭ്യമാക്കിയതെന്ന് സെർവ് കൂട്ടായ്മാ രക്ഷാധികാരിയും എഴുത്തുകാരനുമായ എം.എ.റഹ്മാൻ പറഞ്ഞു. പല കാരണങ്ങൾ പറഞ്ഞ് എൻഡോസൾഫാൻ ഇരകൾക്കുള്ള അവകാശങ്ങൾ നീട്ടുക്കൊണ്ടുപോകുന്ന സർക്കാർ നടപടിയെയാണ് കോടതി ചോദ്യം ചെയ്തതെന്ന് സെർവ് കലക്ടീവ് കൂട്ടായ്മ സെക്രട്ടറി കെ.കെ.അശോകൻ പറഞ്ഞു.

