സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാരെ വിലക്കി ഡി.ജി.സി.എ

ന്യൂഡല്‍ഹി: സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാരെ ബോയിങ്ങിന്റെ 737 മാക്സ് വിമാനം പറത്തുന്നതില്‍ നിന്നും വിലക്കി ഡി.ജി.സി.എ. സ്റ്റിമുലേറ്റര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കുന്നത് വരെയാണ് ഇവര്‍ക്ക് വിലക്ക്. തീരുമാനം കര്‍ശനമായി നടപാക്കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം ഡയറക്ടര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
ഇന്ത്യയില്‍ ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ സ്പൈസ്ജെറ്റാണ് ഉപയോഗിക്കുന്നത്. 11 ബോയിങ് 737 മാക്സ് എയര്‍ക്രാഫ്റ്റുകളാണ് സ്പൈസ്ജെറ്റിനുള്ളത്. വിമാനങ്ങളുപയോഗിച്ച് പ്രതിദിനം 60 സര്‍വീസുകളാണ് സ്പൈസ്ജെറ്റ് നടത്തുന്നത്. സര്‍വീസ് നടത്താന്‍ 144 പൈലറ്റുമാരേയാണ് ആവശ്യം. സ്പൈസ്ജെറ്റിന്റെ 560 പൈലറ്റുമാര്‍ ബോയിങ് 737 മാക്സ് പറത്താനുള്ള പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അതിനാല്‍ വിമാന സര്‍വീസുകളെ വിലക്ക് ബാധിക്കില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.
2020 ഡിസംബറിലാണ് ആഗോളതലത്തില്‍ വീണ്ടും ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയത്. 2018ല്‍ ലയണ്‍ എയറും 2019ലും എത്യോപന്‍ എയര്‍ലൈന്‍സും അപകടത്തില്‍പ്പെട്ട് 346 പേര്‍ മരിച്ചതോടെയാണ് ബോയിങ് 737 മാക്സിന്റെ സര്‍വീസ് നിര്‍ത്തിയത്. വിമാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.

