ലോഹ ഷീറ്റ് തട്ടി പ്രഷർ പൈപ്പ് തകർന്നു; ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടു

ചെറുവത്തൂർ ∙ റെയിൽവേ പാളത്തിൽ കിടന്ന തുരുമ്പിച്ച ലോഹ ഷീറ്റ് തട്ടി ഗുഡ്സ് ട്രെയിനിന്റെ പ്രഷർ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. പാളത്തിലെ ലോഹ ഷീറ്റ് നീക്കം ചെയ്തതിനു ശേഷം പൈപ്പ് ശരിയാക്കിയാണ് പിന്നീട് ഗുഡ്സ് ട്രെയിൻ യാത്ര തുടർന്നത്. ചൊവ്വാഴ് പുലർച്ചെ 5ന് ചന്തേര, തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം.
ഇതു സംബന്ധിച്ച് റെയിൽവേ അധികൃതർ, റെയിൽവേ സംരക്ഷണ സേന, ചന്തേര പൊലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. റെയിൽവേ ജീവനക്കാരടക്കം അധികൃതർ ചന്തേരയ്ക്കും തൃക്കരിപ്പൂരിനും ഇടയിൽ ട്രാക്ക് പട്രോളിങ് നടത്തിയെങ്കിലും ഫലപ്രദമായ വിവരങ്ങളൊന്നും ലഭിച്ചില്ല എന്നാണ് അറിയുന്നത്. ട്രാക്കിൽ ഉണ്ടായിരുന്നത് ബ്രിഡ്ജ് ഷീറ്റാണെന്നു സംശയിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

