കെ-റെയില്‍ സമരക്കാരനെ ചവിട്ടിയ പോലീസുകാരനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെ-റെയില്‍ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് എം. ഷബീറിനെ സ്ഥലം മാറ്റി. മംഗലപുരം പോലീസ് സ്റ്റേഷനില്‍ നിന്നും പുളിങ്കുടി എ.ആര് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. ഷബീര്‍ സമരക്കാരനായ ജോയിയെ ചവിട്ടുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്ത് വന്നിരുന്നു. ഇതില്‍ ചവിട്ടുന്നതിനൊപ്പം മുഖത്തടിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. തുടര്‍ന്നാണ് നടപടി.
ഷബീര്‍ സമരക്കാരെ ചവിട്ടിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. വകുപ്പു തല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റം. മുമ്പും നിരവധി തവണ സസ്പെന്‍ഷനിലായ ആളാണ് ഷബീര്‍.
അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിന് പിടിച്ച സംഭവംവരെ ഉണ്ടായിട്ടുണ്ട്. 2019 ല്‍ ആയിരുന്നു മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഷബീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു അസിസ്റ്റന്‍ഡ് കമ്മീഷണറോട് കയര്‍ത്ത് കോളറിന് പിടിച്ചത്. ഇതില്‍ സസ്പെന്‍ഷനിലായി.

