ഇതാണോ സമത്വം; ഇര്‍ഫാന്‍ പത്താന്റെ ഭാര്യ സഫ ബെയ്ഗിനെതിരെ സൈബര്‍ ആക്രമണം

മുംബൈ: രാമനവമിയുമായി ബന്ധപ്പെട്ട അതിക്രമങ്ങളില്‍ പ്രതികരിച്ച മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ ഭാര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം. സഫ ബേഗിന്റെ മോഡലിങ് കാലത്തെയും പത്താന്റെ ഭാര്യയായ ശേഷമുള്ള സമയത്തെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ക്കെതിരെ അധിക്ഷേപം നടക്കുന്നത്. വിവാഹത്തിന് ശേഷം ഹിജാബ് അണിഞ്ഞാണ് സഫ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. 2016 ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
ഈയിടെ രാമനവമിയുമായി ബന്ധപ്പെട്ട ഇര്‍ഫാന്റെ ട്വീറ്റ് ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ‘എന്റെ രാജ്യം, എന്റെ സുന്ദര രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താന്‍ കഴിവുള്ള രാഷ്ട്രം. പക്ഷേ…’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വീറ്റിന് മറുപടിയുമായി മുന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയും മലയാള സിനിമാ സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. നമ്മുടെ ഭരണഘടനയാണ് ആദ്യം പിന്തുടരേണ്ടത് എന്നത് കുറച്ചു പേര്‍ മാത്രം മനസ്സിലാക്കുന്നു എന്നായിരുന്നു അമിത് മിശ്രയുടെ ട്വീറ്റ്. താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
പത്താന്‍ പങ്കുവച്ച ഭരണഘടനയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് സഫ ബേഗിനെതിരെ ആക്രമണം നടക്കുന്നത്. ഹിജാബിട്ട ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ഇതാണോ ഇര്‍ഫാന്റെ സമത്വമെന്നാണ് ചില ട്വിറ്റര്‍ ഹാന്‍ഡ്‌ലുകള്‍ ചോദിക്കുന്നത്.
അതേസമയം, മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേതാണ് എന്നും താന്‍ സഫയുടെ അധിപനല്ലെന്നും പങ്കാളി മാത്രമാണെന്നും പത്താന്‍ വ്യക്തമാക്കിയിരുന്നു. 2018ല്‍ മോഡല്‍ പ്രിന്‍സ് നരൂലയുടെയും യുവികയുടെയും വിവാഹച്ചടങ്ങില്‍ ഇവര്‍ ഹിജാബ് ധരിച്ചെത്തിയും വാര്‍ത്തയായിരുന്നു. അതേ വര്‍ഷം, കൈയില്‍ മെഹന്തിയും നെയില്‍ പോളിഷും അണിഞ്ഞ സഫയുടെ ചിത്രം ഇര്‍ഫാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും വിവാദമായി.
സൗദി ബിസിനസുകാരന്‍ മിര്‍സ ഫാറൂഖ് ബെയ്ഗിന്റെ മകളാണ് സഫ. ജിദ്ദയിലാണ് ജനനം. 2014ലാണ് ഇര്‍ഫാന്‍ പത്താനെ കണ്ടു മുട്ടുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം മക്കയില്‍ വച്ചു വിവാഹിതയായി. കിഴക്കന്‍ ഏഷ്യയിലെ അറിയപ്പെടുന്ന മോഡലായിരുന്ന അവര്‍ വിവാഹ ശേഷം മോഡലിങ് ഉപേക്ഷിച്ചു.

