ഇന്ത്യയിൽ വിൽക്കണമെങ്കിൽ ഇവിടെ നിർമിക്കണം, ചൈനീസ് കാർ ഇന്ത്യക്ക് വേണ്ട; ടെസ് ലയോട് കേന്ദ്രസർക്കാർ

ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ വൈദ്യുത വാഹനനിര്‍മാണ കമ്പനിയായ ടെസ്ല നിക്ഷേപത്തിനായി വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാം, വില്‍ക്കാം, കയറ്റി അയയ്ക്കാം. എന്നാല്‍, ചൈനയില്‍നിന്ന് ഇറക്കുമതി ഒരിക്കലും അനുവദിക്കില്ല. ചൈനയില്‍ ഉത്പാദിപ്പിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് അത്ര നല്ല രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറക്കുമതി ചെയ്ത കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്. ഇതിനായി ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ഇലോണ്‍ മസ്ക് തുടര്‍ച്ചയായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇന്ത്യയിലെ ഇറക്കുമതിത്തീരുവ ലോകത്തില്‍ ഏറ്റവും ഉയര്‍ന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യയില്‍ ഉത്പാദനം കൂട്ടാനുള്ള നയങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയില്‍ നികുതി കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ ടെസ്ല വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നടപടിക്രമങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുമ്പും കേന്ദ്രം അറിയിച്ചിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ടെസ്ലയ്ക്ക് ഉറപ്പാക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി മുമ്പുതന്നെ അറിയിച്ചിട്ടുണ്ട്

