രാജ്യദ്രോഹ നിയമത്തെ സുപ്രീംകോടതിയില്‍ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യദ്രോഹ നിയമത്തെ സുപ്രീം കോടതിയില്‍ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിയമം ഒഴിവാക്കരുത്. രാജ്യദ്രോഹകുറ്റം നിലനില്‍ക്കുമെന്ന 1962 ലെ കേദാര്‍നാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രാമണ്ണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്രം പറയുന്നു.
കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേദാര്‍നാഥ് കേസ് കോടതി മുന്‍പ് പരിഗണിച്ചതാണ്, അതിനാല്‍ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം. രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ചിന് കഴിയില്ലെന്നും മറുപടിയില്‍ പറഞ്ഞു. ചൊവ്വാഴ്ച സുപ്രീം കോടതി വിശാല ബഞ്ച് കേസില്‍ വാദം കേള്‍ക്കും.

