KSDLIVENEWS

Real news for everyone

ജഹാംഗീര്‍ പുരി ഒഴിപ്പിക്കല്‍: ഇന്ന് നിര്‍ണായകം, ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും

SHARE THIS ON

ദില്ലി: ജഹാംഗീര്‍ പുരി (Jahangir puri) ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി (Supreme court) ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച കോടതി തല്‍സ്ഥിതി തുടരാനും എല്ലാ കക്ഷികള്‍ക്കും നോടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. ഒഴിപ്പിക്കലിന് മുമ്ബ് നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്നതില്‍ ഹര്‍ജിക്കാര്‍ സത്യവാങ്മൂലം നല്‍കാനും നോര്‍ത്ത് ദില്ലി കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ എതിര്‍സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇതിലെ മറുപടികള്‍ കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള ഉത്തരവ് വന്നിട്ടും പൊളിക്കല്‍ തുടര്‍ന്നതിനെ ഗൗരവമായി കാണുന്നുവെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഷെഹീന്‍ ബാഗില്‍ അടക്കം നടത്താനിരിക്കുന്ന പൊളിക്കല്‍ നടപടികള്‍ക്കെതിരെ സിപിഎം ദില്ലി ഘടകം നല്‍കിയ ഹര്‍ജിയും അഭിഭാഷകര്‍ ഇന്ന് ബെഞ്ചിന് മുന്നില്‍ പരാമര്‍ശിക്കും.

ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ദില്ലി രോഹിണി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. സംഘര്‍ഷം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടഞ്ഞില്ല. പകരം റാലിയെ അനുഗമിക്കുകയായിരുന്നു പൊലീസെന്നും കോടതി വിമര്‍ശിച്ചു.

ഹനുമാന്‍ ജയന്തിക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ദില്ലി ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ നടപടികള്‍ ഉണ്ടായത്. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ 20-ാം തിയതി രാവിലെ ബുള്‍ഡോസറുകളുമായി ഉത്തര ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തുകായിരുന്നു. ‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. സ്ഥലത്ത് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെയാണ് പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

ബിജെപിയാണ് ഉത്തര ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. സാധാരണ നടപടി മാത്രമാണെന്നും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ മറ്റ് ഉദ്ദേശങ്ങളില്ല എന്നുമാണ് എന്‍ഡിഎംസി മേയര്‍ രാജാ ഇഖ്ബാല്‍ സിംഗ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!