മെഹ്നാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും

വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. നാളെയാണ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. റിഫ മെഹനുവിന്റെ മരണത്തില്‍ തന്നെ വേട്ടയാടുകയാണെന്ന ആരോപണവുമായി മെഹ്നാസ് ഇന്നലെ രംഗത്തെത്തിയിരന്നു. ( prosecution against mehnas anticipatory bail )
പലവട്ടം ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഒടുവില്‍ ഒളിവില്‍ കഴിയുന്ന മെഹ്നാസിനെ കണ്ടെത്താന്‍ തിരച്ചില്‍ നോട്ടീസ് വരെ അന്വേഷണ സംഘത്തിന് ഇറക്കേണ്ടി വന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയുള്ള കേസിന്റെ ഗൗരവത്തെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷന്റെ തീരുമാനം. എന്നാല്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണമാണെന്ന കണ്ടെത്തല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കുമെന്ന് മെഹ്നാസും കണക്കുകൂട്ടുന്നു. എങ്കിലും ആത്മഹത്യാ പ്രേരണ കുറ്റവും ശാരീരിക മാനസിക പീഡന കുറ്റവും നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിക്കും.
റിഫയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈമാസം ഏഴിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

