റെയിൽവേ മന്ത്രിയായിരിക്കെ അഴിമതി: ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ റെയ്ഡ് .

പട്ന∙ 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരിക്കെ റിക്രൂട്ട്‌മെന്റിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടിലും ഓഫിസിലും ഉൾപ്പെടെ 15 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുന്നു. ലാലു പ്രസാദും മകളും മറ്റു കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്.
റെയിൽവേയിൽ ജോലി നൽകുന്നതിനായി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഭൂമിയും സ്വത്തുക്കളും കൈക്കൂലിയായി കൈപ്പറ്റിയെന്ന് സിബിഐ ആരോപിക്കുന്നു. അതേസമയം, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ഈ കേസുകൾക്ക് അടിസ്ഥാനമില്ലെന്നും മുതിർന്ന ആർജെഡി നേതാക്കൾ പ്രതികരിച്ചു.

