KSDLIVENEWS

Real news for everyone

ഭാര്യയെ കാണാനില്ലെന്ന് പരാതി: സ്റ്റേഷനിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

SHARE THIS ON

തിരുവനന്തപുരം∙ ആര്യനാട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. പാലോട് നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര പുത്തൻ വീട്ടിൽ ഷൈജുവാണ് (47) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒപ്പം താമസിച്ചിരുന്ന യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തി എസ്ഐയുടെ മുന്നിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.

ഇതേ പരാതി അവഗണിച്ചു എന്ന് ആരോപിച്ച് ഷൈജു കൊല്ലം പുത്തൂർ പൊലീസ് സ്റ്റേഷനു മുന്നിലും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇന്നലെ സ്റ്റേഷനിൽ എത്തിയ ഷൈജു പാറാവിലുള്ള വനിതാ പൊലീസിനോട് ആദ്യം ദേഷ്യപ്പെട്ടു. തുടർന്ന്, ഭാര്യയെ കാണാനില്ലെന്നും പൂത്തൂരിൽനിന്നാണ് വരുന്നതെന്നും എസ്ഐയെ അറിയിച്ചു.


ഭാര്യയുടെ മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെ കാണിച്ചു പരാതി നൽകാൻ എസ്ഐ പറഞ്ഞതോടെ ഷൈജു പുറത്തേക്കു പോയി. തുടർന്ന്, ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തിരികെ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇത് കണ്ട് വനിതാ പൊലീസ് വിളിച്ചുപറഞ്ഞതു കേട്ട് എസ്ഐ എൽ.ഷീന സ്റ്റേഷന്റെ മുന്നിലേക്ക് എത്തിയ ഉടൻ സിഗരറ്റ് ലാംപ് കത്തിച്ച് ഷൈജു ദേഹത്ത് തീ കൊളുത്തി.

സ്റ്റേഷന്റെ പടിയിൽ കയറുന്നതിനിടെയാണ് തീ പടർന്നത്. ഉടൻ തന്നെ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്നു വെള്ളം ഒഴിച്ച് തീ അണച്ചു ആശുപത്രിയിൽ എത്തിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നെന്നു പൊലീസ് പറഞ്ഞു.

ടാപ്പിങ് തൊഴിലാളിയായ ഷൈജു കോട്ടാത്തല കൊഴുവൻപാറയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ഒപ്പം താമസിച്ച ആര്യനാട് കോട്ടയ്ക്കകം സ്വദേശിനിയായ യുവതിയെ ഞായർ മുതൽ കാണാനില്ലെന്നു പറഞ്ഞ് ചൊവ്വാഴ്ച വൈകിട്ടാണ് ഷൈജു പുത്തൂർ സ്റ്റേഷനിൽ എത്തിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ നടപടി സാധ്യമല്ല എന്നുപറഞ്ഞു പൊലീസ് മടക്കി അയച്ചു.

സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ മെഡിക്കൽ കോളജ് പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. എന്നാൽ, ഷൈജുവിന്റെ കൂടെ താമസിക്കുവാൻ താൽപര്യമില്ലെന്ന് യുവതി അറിയിച്ചു. ഇതേത്തുടർന്നാണ് ഷൈജു പരാതിയുമായി ആര്യനാട് സ്റ്റേഷനിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!