ഗെയ്ൽ പദ്ധതി : ചന്ദ്രഗിരിപ്പുഴയിൽ താൽക്കാലിക പൈപ്പ് ലൈനിന്റെ പണി തുടങ്ങി

കാസർകോട് കൊച്ചി- മംഗളൂരു ഗെയ്തൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിക്കായി ചന്ദ്രഗിരിപ്പുഴയിലൂടെ താൽക്കാലിക പൈപ്പ് ലൈനിന്റെ പണി തുടങ്ങി . ഈ ഭാഗത്തെ പൈപ്പിടൽ വൈകുന്നത് മൂലം പദ്ധതി കമ്മിഷൻ വൈകുന്ന സാഹചര്യത്തിലാണ് താൽക്കാലിക പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള തീരുമാനം . 40 ദിവസമാണ് താൽക്കാലിക പൈപ്പിടലിനു വേണ്ടി ഗെയ്ൽ കരാറുകാരന് സമയം അനുവദിച്ചിട്ടുള്ളത് . പ്രധാന പൈപ്പ് ലൈനിന്റെ ടണൽ സ്ഥിതി ചെയ്യുന്ന ബേവിഞ്ച മുതൽ മഹിനാബാദ് വരെയാണ് താൽക്കാലിക ലൈൻ സ്ഥാപിക്കുന്നത് . രണ്ടു ഭാഗങ്ങളിലും പുഴയുടെ സമീപം വരെ റോഡരികിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത് . പുഴയ്ക്ക കുറുകെ 300 മീറ്റർ മാത്രം അടിയിലൂടെ തുരന്ന് പൈപ്പിടും . ദൂരവും പൈപ്പിന്റെ വ്യാസവും ചെറുതായതിനാൽ എളുപ്പത്തിൽ പൈപ്പിടാൻ കഴിയുമെന്ന് അധികൃതർ പറയുന്നു . 6 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് . പണി പൂർത്തിയാകുന്നതോടെ പദ്ധതിയിൽ ബാക്കിയുള്ള കൂറ്റനാട് മുതൽ മംഗളൂരു വരെയുള്ള ലൈൻ കമ്മിഷൻ ചെയ്യും . കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയുള്ള ഭാഗം നേരത്തെ കമ്മിഷൻ ചെയ്തിരുന്നു . ചന്ദ്രഗിരിപ്പുഴ ഒഴികെ ബാക്കി ഭാഗത്തെ പൈപ്പ് ലൈൻ പണി കോവിഡിനു മുൻപു തന്നെ പൂർത്തിയായിരുന്നു . പുഴയുടെ രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നായതിനാൽ ഒരു കുന്നിൽ നിന്നു മറ്റൊരു കുന്നിലേക്ക് തുരന്ന് പൈപ്പിടാനായിരുന്നു പദ്ധതി . ബേവിഞ്ചയിലെ കുന്നിൽ നിന്നു മഹിനാബാദിലെ കുന്നിലേക്ക് പുഴയുടെ അടിയിലൂടെ 36 ഇഞ്ച് വ്യാസത്തിൽ ഒന്നര കിലോമീറ്റർ ടണൽ നിർമിക്കുകയും ചെയ്തു . 540 മീറ്റർ ദൂരത്തിൽ പൈപ്പിട്ടപ്പോഴാണ് തടസ്സം നേരിട്ടത് . പാറയുടെ അടരുകളോ മറ്റോ ഇടിഞ്ഞു വീണതാകാമെന്നാണ് നിഗമനം . തടസ്സം നീക്കാനുള്ള ശ്രമം ഒരു മാസത്തിലേറെയായി തുടരുകയാണ് . തടസ്സം നീക്കി പൈപ്പിട്ടു കഴിഞ്ഞാൽ താൽക്കാലിക ലൈൻ മാറ്റി പാചക വാതകം ഇതിലൂടെ കടത്തിവിടാനാണ് തീരുമാനം .

