ട്വിറ്ററിൽ ബോയ്കോട്ട് ഖത്തർ എയർവെയ്സ്; സ്പെല്ലിങ് പഠിക്കണമെന്ന് റീട്വീറ്റ്: ട്രോൾ

ന്യൂഡൽഹി ∙ പ്രവാചകനെതിരായ ബിജെപി നേതാവിന്റെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ട്വിറ്ററിൽ ചേരിതിരിഞ്ഞ് പോര്. ബിജെപി നേതാവിന്റെ പ്രസ്താവനയെ ഖത്തർ അപലപിച്ചതിന് പിന്നാലെയാണ് ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ ട്വിറ്ററിൽ ട്രെൻഡിങായത്. Boycott എന്നതിന് ‘Bycott’ എന്നാണ് പ്രതിഷേധക്കാർ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ‘ബോയ്കോട്ടി’ന്റെ സ്പെല്ലിങ് പോലും എഴുതാൻ അറിയാത്തവരാണ് ബഹിഷ്കരിക്കാൻ നടക്കുന്നതെന്ന് റീട്വീറ്റുകൾ നിറഞ്ഞു.
‘ഞാനൊരു അഭിമാനമുള്ള ഹിന്ദുവാണ്. അതുകൊണ്ട് ഖത്തർ എയർവെയ്സിൽ ഇനി യാത്ര ചെയ്യില്ലെ’ന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഖത്തർ എയർവെയ്സിലെ യാത്ര അത്യാവശ്യം ചെലവേറിയതാണ്. അതുകൊണ്ട് ആദ്യം ഒരു ലീറ്റർ പെട്രോൾ ബഹിഷ്കരിക്കൂ, പിന്നീടാവാം ഖത്തർ എയർവെയ്സിലെ യാത്ര എന്ന് മറ്റൊരാൾ കുറിച്ചു.
അതേസമയം, ഖത്തർ എയർവെയ്സിന്റെ ടോപ് 15 റൂട്ടുകളിൽ ഒരു ഇന്ത്യൻ നഗരം പോലുമില്ലെന്നും കൊച്ചിയാണ് ആദ്യ ഇരുപതിൽ വരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് 1,350ലേറെ ഓക്സിജൻ സിലിണ്ടറുകൾ സൗജന്യമായി നൽകിയ കമ്പനിയാണ് ഖത്തർ എയർവെയ്സെന്നും വൈകാരിക വിക്ഷോഭത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ ഇറങ്ങരുതെന്നുമെല്ലാം ട്വീറ്റുണ്ട്.

