KSDLIVENEWS

Real news for everyone

ഇസ്‌ലാമിക രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ടവരുടെ പട്ടിക തയാറാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണം”- ആവശ്യവുമായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍

SHARE THIS ON

ന്യൂഡല്‍ഹി: ഇസ്‌ലാമിക രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ടവരുടെ പട്ടിക തയാറാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ഉദയ് മഹൂര്‍ക്കര്‍.

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരെ അറബ് ലോകത്തുനിന്നടക്കം വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വൃത്തത്തിന്റെ പ്രതികരണം.

ട്വിറ്ററിലാണ് ഉദയ് മഹൂര്‍ക്കര്‍ ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയത്. ”പ്രവാചക(നിന്ദാ) വിവാദത്തില്‍ രാജ്യം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി ഇസ്‌ലാമിക രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ട ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക തയാറാക്കി അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയിരിക്കുന്നത്. നിയമനടപടികളിലൂടെ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം.”- ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

മഹൂര്‍ക്കറിന്റെ ട്വീറ്റിനെതിരെ മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. മോദി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകര്‍ക്കുന്നതിന്റെ ഉദാഹരണമാണ് ഉദയ് മഹൂര്‍ക്കറെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. മറ്റെവിടെനിന്നോ പുറത്താക്കപ്പെട്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷനിലേക്ക് എത്തിയയാളാണ് ഈ മാന്യനെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍, നിരന്തരമായി രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെ ആശയപരമായ നിലപാടെടുക്കുന്ന ഒരാളില്‍നിന്ന് ഉപദേശം ആവശ്യമില്ലെന്ന് പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച്‌ മഹൂര്‍ക്കര്‍ കുറിച്ചു. ഗ്രന്ഥകര്‍ത്താവും മുന്‍ മാധ്യമപ്രവര്‍ത്തകനും ദേശസ്‌നേഹിയായ പൗരനുമെന്ന നിലയ്ക്ക് ദേശസുരക്ഷയെയും ചരിത്രത്തെയും കുറിച്ച്‌ എന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ള അവകാശം എനിക്കുണ്ട്. ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ എന്ന നിലയ്ക്ക് ഭീതിയോ താല്‍പര്യങ്ങളോ ഇല്ലാത്ത എന്റെ ഉത്തരവുകള്‍ കൊണ്ടാണ് വിലയിരുത്തപ്പെടേണ്ടതെന്നും മഹൂര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

തന്റെ ട്വീറ്റ് ചോദ്യംചെയ്തു രംഗത്തെത്തിയിട്ടുണ്ടെന്നും അവര്‍ എന്നെങ്കിലും വിദ്വേഷ പ്രചാരകരായ സാക്കിര്‍ നായിക്കും എം.എഫ് ഹുസൈനും നടത്തിയ മതനിന്ദയെ എപ്പോഴെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോയെന്നും ഉദയ് മഹൂര്‍ക്കര്‍ ചോദിച്ചു. ദേശീയ നവജാഗരണത്തിന്റെ ഈ പുതിയ കാലത്ത് ഹിന്ദുവിന്റെ ചെലവിലുള്ള ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും ഒരു ഭാഗത്തേക്കു മാത്രമുള്ള മതേതരത്വത്തിന്റെയും കാലം അവസാനിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കുറിച്ചു.

ബി.ജെ.പി നേതാക്കളായിരുന്ന നുപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രവാചകനിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് ഉയര്‍ന്നത്. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളെല്ലാം ഔദ്യോഗികമായി തന്നെ വിവാദ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കു പുറമെ ഇറാന്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി.

അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ദേശീയ വക്താവായിരുന്ന നുപൂര്‍ ശര്‍മയെയും ഡല്‍ഹി ഘടകം മാധ്യമവിഭാഗം തലവനായിരുന്ന നവീന്‍ ജിന്‍ഡാലിനെയും ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു. ഇരുവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി എന്നിവര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ആരോപിച്ച്‌ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!