പോപുലർ ഫിനാൻസ് തട്ടിപ്പ് കേസ് : സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി ഈ മാസം 14ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനം പൂട്ടി മുദ്രവച്ചതായും അഞ്ഞൂറോളം രേഖകള്‍ പിടിച്ചെടുത്തതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടി.പ്രതികളായ റോയ് ഡാനിയേല്‍ തോമസ്, ഭാര്യ പ്രഭ തോമസ്, മക്കളായ റിന, റിയ, റീബ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പില്‍ പങ്കില്ലന്നാണ് പ്രതികളുടെ നിലപാട്.
പോപ്പുലര്‍ ഫിനാന്‍സിലെ 3000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങള്‍ രുപീകരിച്ച് വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് സ്ഥാപനത്തിനെതിരായ ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് നാലായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. പണം വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

