കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: ഇതുവരെ അറസ്റ്റിലായത് അഞ്ച് പേര്‍

കാസര്‍കോട്: സീതാംഗോളി മുഗു സ്വദേശിയും പ്രവാസിയുമായ അബൂബക്കര്‍ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയില്‍. മഞ്ചേശ്വരം ഉദ്യാവര ജെ എം റോഡിലെ റിയാസ് ഹസ്സന്‍,ഉപ്പള ഭഗവതി ടെമ്പിള്‍ റോഡിലെ അബ്ദുള്‍ റസാഖ്, കുഞ്ചത്തൂരിലെ അബൂബക്കര്‍ സിദ്ദീഖ്, എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായ മൂന്നു പേരും. കേസില്‍ നേരത്തെ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മരിച്ച സിദ്ദീഖിനെ ആശുപത്രിയില്‍ എത്തിച്ച അസീസ്, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ അബ്ദുല്‍ റഹീം എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇപ്പോള്‍ മൊത്തം കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലുള്ളവര്‍ പിടിയിലായെങ്കിലും,ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘത്തിലെ ആരേയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ക്വട്ടേഷന്‍ നല്‍കിയവരും ഏറ്റെടുത്തവരുമായി 15 ഓളം പോരാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. പൈവളിഗെയിലെ നൂര്‍ശാ-റഈസ് സംഘത്തിനാണ് ക്വടേഷന്‍ ലഭിച്ചതെന്നും ഇവരാണ് സ്വിദ്ദീഖിനെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കാസര്‍കോട് സീതാംഗോളി മുഗു സ്വദേശിയും പ്രവാസിയുമായ അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ബന്തിയോട്ടെ ആശുപത്രിയില്‍ ഒരു സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. അബൂബക്കര്‍ സിദ്ദീഖിന്റെ സഹോദരന്‍ അന്‍വര്‍, ബന്ധു അന്‍സാരി എന്നിവരെ, വീട്ടുതടങ്കലിലാക്കിയാണ് അബൂബക്കര്‍ സിദ്ദീഖിനെ നാട്ടിലെത്തിച്ചത്. മൂന്നു പേരെയും കൊടിയ പീഢനത്തിനാണിരയാക്കിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

