തായ്ലാന്‍ഡിലേക്ക് പോയത് ഭാര്യ അറിയരുത്, പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി; യുവാവ് അറസ്റ്റില്‍

മുംബൈ: പാസ്പോര്ട്ടില് കൃത്രിമം കാണിച്ചെന്ന കേസില്‍ മുംബൈയില്‍ യുവാവ് അറസ്റ്റില്‍. പൂണെ സ്വദേശിയായ സാംദര്‍ശി യാദവിനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാസ്പോര്‍ട്ടിലെ പത്ത് പേജുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് യുവാവിനെ സഹര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടയുകയായിരുന്നു. ഹാജരാക്കിയ പാസ്പോര്‍ട്ടില്‍നിന്ന് ഏതാനും പേജുകള്‍ കാണാനില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ യുവാവിനെ തടഞ്ഞത്. തുടര്‍ന്നാണ് പാസ്പോര്‍ട്ടില്‍നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതാണെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഇതോടെ പോലീസിന് വിവരം കൈമാറുകയായിരുന്നു.
2019-ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്പോര്‍ട്ടില്‍നിന്ന് കീറിക്കളഞ്ഞതെന്ന് പോലീസ് പറഞ്ഞു. 2019-ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുമ്പ് തായ്ലാന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പോലീസ് പറഞ്ഞു

