സ്വകാര്യതയുടെ പേരില്‍ ഇളവില്ല, DNA പരിശോധനയ്ക്ക് വിധേയനാകണം- മലയാളി വിമുക്തഭടനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: പിതൃത്വം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതിന് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന കോടതി ഉത്തരവിനെതിരെ വിമുക്തഭടന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വകാര്യതയുടെ പേരില്‍ ഡി.എന്‍.എ. പരിശോധനയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കരസേനയിലെ ഹവീല്‍ദാര്‍ മേജര്‍ തസ്തികയില്‍ നിന്ന് വിരമിച്ച കൊല്ലം സ്വദേശിയാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോട്ടയം സ്വദേശിനിയായ യുവതി, തന്റെ മകളുടെ പിതാവ് ഈ വിമുക്ത ഭടന്‍ ആണെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കോട്ടയം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. സത്യം കണ്ടെത്താന്‍ ഡി.എന്‍.എ. പരിശോധന അനിവാര്യമാണെന്ന നിലപാടാണ് ഹൈക്കോടതിയും സ്വീകരിച്ചത്.

