കനത്തമഴയിൽ കാർ പുഴയിലേക്കു മറിഞ്ഞു; കാഴ്ചക്കാരായി നാട്ടുകാർ, മൂന്നു മരണം

നാഗ്പുർ ∙ കനത്ത മഴയെത്തുടർന്ന് പുഴയിൽ വീണ കാർ യാത്രക്കാരായ മൂന്നു പേർ മരിച്ചു. കാർ പുഴയിൽ വീണത് കാണാൻ കരയിൽ നിരവധി ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും ഇവരെ രക്ഷിക്കാൻ തയാറായില്ല. കാർ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാഹനത്തിനുള്ളിൽനിന്നും കൈ പുറത്തേക്കിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ആകെ ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ കാണാതായി. മരിച്ചതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സാവ്നെർ ടെഹ്സിലിൽ പാലം കടക്കുന്നതിനിടെയാണ് കാർ പുഴയിലേക്കു മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.

