കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്‌സ്റ്റാൻഡിൽ ചെളിയഭിഷേകം തുടരുന്നു; മഴ കനത്തതോടെ കുഴികളുടെ ആഴവും എണ്ണവും വർധിച്ചു

കാഞ്ഞങ്ങാട് : കോട്ടച്ചേരി ബസ്‌സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ചെളിയഭിഷേകം തുടരുന്നു. ബസ്‌സ്റ്റാൻഡിൽ ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളിലൂടെ ബസുകൾ കയറിയിറങ്ങുമ്പോൾ ചെളിവെള്ളം നാലുഭാഗത്തേക്കും തെറിക്കുകയാണ്. ഓടിമാറിയില്ലെങ്കിൽ ചെളിവെള്ളത്തിൽ കുളിക്കേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല. മഴയ്ക്കുമുൻപ് തകർന്നുതുടങ്ങിയ ബസ്‌സ്റ്റാൻഡിലെ കുഴികളുടെ എണ്ണവും പരപ്പും ആഴവും മഴ കനത്തതോടെ കൂടിവരികയാണ്. പുറത്തേക്ക് കടക്കുന്ന ഭാഗത്തും കണ്ണൂരിലേക്കുള്ള ബസുകൾ നിർത്തിയിടുന്ന ഭാഗത്തും കുഴികളൊഴിഞ്ഞ സ്ഥലമില്ലെന്നുപറയാം. നഗരസഭാ വാഹന പിരിവ് നടത്തുന്ന ബസ്‌സ്റ്റാൻഡിന്റെ ദുരവസ്ഥ നിരവധിതവണ നഗരസഭാധ്യക്ഷ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ബസുടമകൾ പറയുന്നു. ട്രാഫിക് സർക്കിളിലും കുഴി ഒരുമാസം മുൻപ് റീടാറിങ് നടത്തിയ കോട്ടച്ചേരി ട്രാഫിക് കവലയിലും പ്രധാന റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ വീണുതുടങ്ങി. റീടാറിങ് നടത്തിയ മെറ്റൽ ഒന്നാകെ ഇളകിയാണ് കുഴികളുണ്ടാകുന്നത്. റോഡിലെ ചെറിയ പൊട്ടലുകൾ ദിവസങ്ങൾക്കുള്ളിൽത്തന്നെ കുഴികളായി മാറിക്കഴിഞ്ഞു. ഇരുചക്രവാഹനങ്ങളാണ് ഇത്തരം കുഴികളിൽ സ്ഥിരമായി അപകടത്തിൽപ്പെടുന്നത്.

