സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം,തൃശൂര്‍ , കോഴിക്കോട്, വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് കിഴക്കന്‍ അറബികടലില്‍ സൗരാഷ്ട്ര – കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി നിലനില്ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ട്.
ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യത. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യുന മര്‍ദ്ദ പാത്തി (offshore trough) നിലനില്ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 17-07-2022 രാത്രി 11.30 വരെ 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

