പ്രസവത്തിന് പിന്നാലെ 20 കാരിയുടെ മരണം; ഡോക്ടറുടെ പിഴവെന്നാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; കേസ്

കോഴിക്കോട് : താമരശ്ശേരിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാന്‍ കാരണം ഡോക്ടറുടെ പിഴവാണെന്ന ആരോപണവുമായി ബന്ധുക്കള്‍. പുനൂര്‍ സ്വദേശിയായ ജഫ്ല (20) ആണ് മരിച്ചത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ആശുപത്രിയില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഈ മാസം ഒന്നിനായിരുന്നു സംഭവം. പ്രവസത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ ഡോക്ടറുടെ അനാസ്ഥ കാരണമാണ് പെണ്‍കുട്ടി മരിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രസവത്തിന് ശേഷം പെണ്‍കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നോ അമിത രക്തസ്രാവം ഉണ്ടെന്നോ കൂട്ടിരിപ്പുകാരോട് പോലും ഡോക്ടര്‍ പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതോടെ നാലര മണിക്കൂറിന് ശേഷം ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു.
ഇതിന് പിന്നാലെ ആരോപണവിധേയനായ ഡോക്ടറെ പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 20 കാരിയുടെ കുടുംബം നല്കിയ പരാതിയില്‍ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

