മംഗ്ലൂരുവിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: രാജി സമ്മര്‍ദവുമായി യുവമോര്‍ച്ച, കമാന്‍ഡോ ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍

മംഗ്ലൂരു : സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് (yuvamorcha leader) പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ച് പാര്‍ട്ടിക്കുട്ടില്‍ പ്രതിഷേധം (protest) ശക്തമാകുന്നു. രാജി സമ്മര്‍ദവുമായി യുവമോര്‍ച്ച നിലപാട് കടുപ്പിക്കുകയാണ്. കൂടുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാജികത്ത് നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ ആണ് ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി കത്ത് നല്‍കിയത്.
ഇതിനിടെ കമ്മാന്‍ഡോ സ്ക്വാഡ് രൂപീകരിച്ച കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണെന്ന് വ്യക്തമാക്കി. ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ സ്ക്വാഡിന് സ്വതന്ത്ര ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി . കര്‍ണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്. 11 മണിക്ക് ഡിജിപി മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
പ്രവീണ്‍ നെട്ടാറുവിന്്റെ വിലാപയാത്രക്കിടെ കഴിഞ്ഞ ദിവസം സംഘഷാര്‍വസ്ഥ ഉണ്ടായിരുന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലീനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. നളിന്‍ കുമാര്‍ കട്ടീലിന്്റെ കാര്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവ് കൂടിയായ പ്രവീണ്‍ നെട്ടാറുനെ അജ്ഞാതര്‍ വെട്ടിക്കൊന്നത്. കോഴിക്കട വ്യാപാരിയായ പ്രവീണിനെ കട പൂട്ടി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രവീണിനെ വെട്ടിവീഴ്ത്തിയ ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടു. ചോരയില്‍ മുങ്ങികിടന്ന പ്രവീണിനെ പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ പ്രവീണിന് മരണംസംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മംഗ്ലൂരുവിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രതികള്‍ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം
മംഗ്ലൂരു : സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗ്ലൂരു എസ്പി വ്യക്തമാക്കി. വിവരം കര്‍ണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ശക്തമായ നടപടിക്ക് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാരിന്റെ ഇന്നത്തെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ എല്ലാം റദ്ദാക്കി.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. സുള്ള്യയില്‍ യുവമോര്‍ച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷന് ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 15 പേര് ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. കേസ് എന്‍ഐഎ യ്ക്ക് കൈമാറണമെന്ന് കര്‍ണാടക ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് ബിജെപി ആരോപണം.

