മോഷണം ഇ ഡി റെയ്‌ഡെന്ന് കരുതി അനങ്ങാതെ നാട്ടുകാര്‍, ബംഗാള്‍ മന്ത്രിയുടെ വീട് കള്ളന്മാര്‍ തൂത്തുവാരി, കൊണ്ടുപോയത് വിലപിടിപ്പുള്ള വസ്തുക്കള്‍

കൊല്‍ക്കത്ത: നിയമനക്കോഴക്കേസില്‍ ഇ ഡി അറസ്റ്റുചെയ്ത പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയില്‍ മോഷണം.വിലപിടിച്ചതുള്‍പ്പടെ നിരവധി വസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. പൂട്ടുതകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ വലിയ ബാഗില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടെങ്കിലും ഇ ഡി ഉദ്യോഗസ്ഥരാണെന്ന് കരുതി ആരും തടയാന്‍ എത്താത്തത് കള്ളന്മാര്‍ക്ക് സഹായകമായി. വിശദമായ പരിശോധന നടന്നാലേ എന്തൊക്കെ മോഷണംപോയെന്ന് പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
2016ലെ മമത മന്ത്രിസഭയില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത്. ചാറ്റര്‍ജിയുടെ അടുത്ത സഹായിയായ നടി അര്‍പിത മുഖര്‍ജിയുടെ രണ്ടാമത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 28.90 കോടി രൂപയും അഞ്ച് കിലോയിലധികം സ്വര്‍ണവും നിരവധി രേഖകളും ഇഡി ബുധനാഴ്ച കണ്ടെടുത്തിരുന്നു. മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപ വിദേശ കറന്‍സിയും 76 ലക്ഷം രൂപയുടെ സ്വര്‍ണവും ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നിയമന അഴിമതി സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനു സമാന്തരമായാണ് ഇ.ഡിയുടെ ഇടപെടല്‍.

