KSDLIVENEWS

Real news for everyone

കുടുംബം മാപ്പ് നല്‍കി; വധശിക്ഷക്ക് വിധിക്കപ്പെട്ട സക്കീര്‍ ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങി

SHARE THIS ON

വധശിക്ഷ കാത്ത് സൗദിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ ഒടുവില്‍ ഇന്ന് നാടണഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പ് നല്‍കിയതോടെയാണ് സക്കീര്‍ ജയില്‍ മോചിതനായത്.

കോട്ടയം കോട്ട മുറിക്കല്‍ ചാലയില്‍ വീട്ടില്‍ തോമസ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് സക്കീര്‍ വധിശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത്. 2009ലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ഒരു ലോണ്‍ട്രിയില്‍ ജീവനക്കാരായിരുന്നു. തിരുവോണദിവസം വൈകിട്ട് ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ സക്കീര്‍ ഹുസൈന്‍ കിച്ചണിലെ കറിക്കത്തികൊണ്ട് തോമസിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ തോമസിന്റെ മരണം സംഭവിച്ചെന്നാണ് കേസ്.

കേസില്‍ സൗദി ക്രിമിനല്‍ കോടതി സക്കീറിനെ എട്ട് വര്‍ഷത്തെ തടവിനും, ശേഷം വധശിക്ഷക്കുമാണ് വിധിച്ചത്. ഗാന്ധിനഗര്‍ ലക്ഷംവീട് കോളനി വാസിയായ സക്കീറിന്റെ കുടുംബവും വൃദ്ധരായ മാതാപിതാക്കളും ഇതോടെ പ്രയാസത്തിലായി. ഇതിനിടെ ഇവരുടെ അയല്‍വാസിയായ ജസ്റ്റിന്‍ എന്നയാള്‍ വിഷയം സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ നോര്‍ക്ക പ്രതിനിധിയുമായ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയില്‍പെടുത്തി. ഒപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വിവരം ധരിപ്പിച്ചു.

ഉമ്മന്‍ചാണ്ടി കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സക്കീറിന് മാപ്പ് ലഭ്യമാക്കിയതോടെയാണ് വഴിത്തിരിവുണ്ടായത്. സൗദിയില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ശിഹാബ് കൊട്ട്കാടിന് അനുമതി പത്രവും ലഭ്യമാക്കി നല്‍കി. 2020ല്‍ കുടുംബം മാപ്പ് നല്‍കിയതിനുള്ള രേഖകള്‍ സൗദി കോടതിയില്‍ ഹാജരാക്കി വധശിക്ഷയില്‍ നിന്നും ഇളവ് നേടി. എങ്കിലും തടവ് ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മോചനം സാധ്യമാകുമായിരുന്നുള്ളൂ.

കാത്തിരിപ്പിനൊടുവില്‍ ജയില്‍ മോചിതനായ സക്കീര്‍ ഹുസൈന്റെ പാസ്പോര്‍ട്ട് കാലവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് എംബസിയില്‍ നിന്നും ഔട്ട്പാസ് ലഭ്യമാക്കിയാണ് യാത്ര ശരിയാക്കിയത്. ഒടുവില്‍ ശ്രിലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഇന്നലെ ദമ്മാമില്‍നിന്നും കൊച്ചിയിലേക്ക് യാത്രയായ സക്കീര്‍ ഇന്ന് പുലര്‍ച്ചയോടെ വീടണഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!