ഖത്തറില്‍ ഖത്തര്‍ ആദ്യം ലോകകപ്പ് ഒരു ദിവസം നേരത്തേ തുടങ്ങാൻ ആലോചന

ദോഹ : ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഒരുദിവസം നേരത്തേ തുടങ്ങാന്‍ ആലോചന. നിര്‍ദേശം ഫിഫ കൗണ്‍സില്‍ അംഗീകരിച്ചാല്‍ നവംബര്‍ 20ന് തുടങ്ങി ഡിസംബര്‍ 18ന് അവസാനിക്കും. നിലവില്‍ നവംബര്‍ 21നാണ് കിക്കോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള കളി 20ന് രാത്രി 9.30ന് നടത്താനാണ് നീക്കം.
നേരത്തേ നിശ്ചയിച്ച മത്സരക്രമം അനുസരിച്ച് നവംബര്‍ 21ന് സെനഗലും നെതര്‍ലന്‍ഡ്സും തമ്മിലാണ് ആദ്യ കളി. ഇന്ത്യന്‍ സമയം പകല്‍ മൂന്നരയ്ക്കാണ് (ഖത്തര്‍ സമയം പകല്‍ ഒരുമണി) കിക്കോഫ്. രണ്ടാമത്തെ കളി ഇംഗ്ലണ്ടും ഇറാനും തമ്മില്‍ വൈകിട്ട് 6.30ന്. മൂന്നാമത്തെ മത്സരമായിരുന്നു ഖത്തര്‍–-ഇക്വഡോര്‍. 21ന് രാത്രി 9.30നായിരുന്നു നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ 12.30ന് അമേരിക്ക–-വെയ്ല്‍സ് മത്സരമുണ്ട്. ആതിഥേയരാജ്യം ഉദ്ഘാടനമത്സരത്തിന് ഇറങ്ങുന്ന പതിവ് 2006 ജര്‍മനി ലോകകപ്പുമുതലാണ് തുടങ്ങിയത്. അതിനുമുമ്ബ് നിലവിലെ ജേതാക്കളാണ് ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയിരുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ആതിഥേയര്‍ ആദ്യ കളിക്കിറങ്ങി.
ഖത്തര്‍ ലോകകപ്പ് കൗണ്ട്ഡൗണിനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ മത്സരക്രമം അനുസരിച്ച് കിക്കോഫിന് 102 ദിവസമാണുള്ളത്. 32 ടീമുകളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അഞ്ചുതവണ ജേതാക്കളായ ബ്രസീല്‍ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി. ആരാധകരുടെ പ്രിയങ്കരമായ മഞ്ഞ ജഴ്സിയില്‍ നീലയും പച്ചയും ബോര്‍ഡറുണ്ട്. ആകര്‍ഷകവും തീക്ഷ്ണവുമെന്നാണ് നിര്‍മാതാക്കളായ നൈക്കിന്റെ പ്രതികരണം. രണ്ടാമത്തെ ജഴ്സി നീലക്കളറിലാണ്. കളിക്കാരായ അലിസണ്‍, ഫിലിപ് കുടീന്യോ, മാര്‍ക്വിന്യോസ്, റോഡ്രിഗോ എന്നിവര്‍ ജഴ്സിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടു. ഒറ്റമണിക്കൂറില്‍ പുതിയ ജഴ്സികള്‍ വിറ്റഴിഞ്ഞു.
മനോഹരം എന്നാണ് കളിക്കാരനായ റിച്ചാലിസന്റെ പ്രതികരണം. ബ്രസീല്‍ ജഴ്സി അണിയുന്നതിനേക്കാള്‍ മഹത്തരമായി മറ്റൊന്നും ലോകത്തില്ല. അത് അഭിമാനവും സന്തോഷവും നല്‍കുന്നതായി ഇരുപത്തഞ്ചുകാരന്‍ പറഞ്ഞു.

