KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ പോലീസ് പിടിച്ചെടുത്തത് 2251 വെടിയുണ്ടകള്‍; ആറുപേര്‍ അറസ്റ്റില്‍

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടായിരത്തിലേറെ വെടിയുണ്ടകളുമായി ആറുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 2251 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകളുമായി ആറുപേര്‍ പോലീസിന്റെ പിടിയിലായത്.

വെടിയുണ്ടകള്‍ ലഖ്‌നൗവിലേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് അസി. കമ്മീഷണര്‍ വിക്രംജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും പ്രാഥമികാന്വേഷണത്തില്‍ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

നേരത്തെ, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പോലീസ് പട്രോളിങ്ങും വാഹനപരിശോധനയും തലസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളിലെ പാര്‍ക്കിങ് ഏരിയകളടക്കം പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവിടെ എത്തുന്ന വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തലസ്ഥാനനഗരിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!