മന്ത്രി പി. രാജീവിനെ ‘വഴിതെറ്റിച്ചെന്ന’ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

തിരുവനന്തപുരം: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. വ്യവസായ മന്ത്രി പി. രാജീവിന് പൈലറ്റ് പോയതില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഗ്രേഡ് എസ്‌ഐ എസ്.എസ് സാബു രാജനാണ് മെഡലിന് അര്‍ഹനായത്. സസ്‌പെന്‍ഷനെതിരെ സേനയില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്.
മന്ത്രിയെ വഴിതെറ്റിച്ച് കൊണ്ടുപോയെന്ന് ആരോപിച്ചാണ് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ എസ്.എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
പതിവ് റൂട്ട് മാറ്റിയതില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് മന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് റൂട്ട് മാറ്റിയതെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതില്‍ സേനയില്‍ കടുത്ത അമര്‍ഷം നിലനിര്‍ക്കുന്നുണ്ട്.

